കിരാന കുന്നുകളിലെ പാക് ആണവകേന്ദ്രത്തില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്; ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്

ആക്രമണം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

dot image

ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധ ശേഖരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്ന കിരാന കുന്നുകളെ ലക്ഷ്യംവെച്ച് ഇന്ത്യ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ടൈംസ് ഓഫ് ഇന്ത്യയാണ് സാറ്റലൈറ്റ് ഇമേജറി വിദഗ്ദനായ ഡാമിയന്‍ സൈമൺ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്താനിലെ സര്‍ഗോധ ജില്ലയില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് മിസൈല്‍ ആക്രമണം നടന്നതായി വ്യക്തമാക്കുന്ന ഗൂഗിള്‍ എര്‍ത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സൈമണ്‍ പറയുന്നത് അനുസരിച്ച്, മെയ് മാസത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താനിലെ കിരാന കുന്നുകള്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചിരുന്നു. മിസൈലിന്റെ ഇംപാക്ട് പോയിന്റാണ് ഉപഗ്രഹ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സര്‍ഗോധ വ്യോമതാവളത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തിയ റണ്‍വേകളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കിരാനയിലെ പാക് ആണവകേന്ദ്രത്തെ ഇന്ത്യന്‍ സായുധ സേന ലക്ഷ്യമിട്ടിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാകിസ്താന്റെ ആണവ, മിസൈല്‍ വികസന പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന മേഖലയാണ് കിരാന കുന്നുകള്‍. ഇന്ത്യ പാകിസ്താന്റെ കിരാന കുന്നുകള്‍ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനുളള സാധ്യത കൂടുതലാണ്. ആക്രമണം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ നേരത്തെ തന്നെ ആക്രമണം നിഷേധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ യഥാര്‍ത്ഥ വ്യാപ്തിയും ലക്ഷ്യങ്ങളും സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. 'ഞങ്ങള്‍ നിരവധി യുദ്ധം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഗുരുതരമായിരുന്നു. ഇവ രണ്ടും ആണവരാജ്യങ്ങളാണ്. അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇറാന്റെ ആണവശേഷി ഞങ്ങള്‍ തകര്‍ത്തത് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വലുതാകുന്നതിന് മുമ്പ് ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാറുണ്ടാക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. ആയുധങ്ങളും ആണവായുധങ്ങളുമുപയോഗിച്ച് സംഘര്‍ഷം തുടര്‍ന്നാല്‍ ഞങ്ങള്‍ വ്യാപാര കരാറുണ്ടാക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞു' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ തകര്‍ത്തതായി പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു. പാകിസ്താന്റെ കുറച്ച് വിമാനങ്ങള്‍ തകര്‍ത്തതായി ഇന്ത്യയും അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്. ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: India attacked Pakistan's nuclear facility in Kirana Hills! Satellite images shows

dot image
To advertise here,contact us
dot image