
റിയാദ്: സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍ അന്തരിച്ചു. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുപതുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. റിയാദ് കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍വെച്ചായിരുന്നു അന്ത്യം. 36 വയസായിരുന്നു. ഇന്ന് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുപത് വര്‍ഷം കോമയില്‍ കിടന്നെങ്കിലും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ചികിത്സയും പ്രാര്‍ത്ഥനയും നടത്തിവരികയായിരുന്നു കുടുംബം.
2005 ല്‍ മിലിട്ടറി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് റോഡപകടത്തില്‍പ്പെട്ട് പ്രിന്‍സ് അല്‍ വലീദിന് തലച്ചോറില്‍ രക്തസ്രാവമുണ്ടായി കോമയിലായത്. 20 വര്‍ഷമായി മെക്കാനിക്കല്‍ വെന്റിലേഷനെയും ഫീഡിഗ് ട്യൂബിനെയും ആശ്രയിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ പിൻബലത്തിലാണ് രാജകുമാരന്‍ ജീവിച്ചത്. അവസാനമായി അദ്ദേഹത്തിന് ചെറിയ അനക്കം ഉണ്ടായത് 2019ലാണ്. അന്ന് അദ്ദേഹം വിരല്‍ അനക്കുകയും തല ചെറുതായി ചലിപ്പിക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുതന്നെ ഡോക്ടര്‍മാര്‍ രാജകുമാരനെ ലൈഫ് സപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിതാവ് അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദ് അതിന് സമ്മതിച്ചില്ല. പിതാവ് ഖാലിദ് ബിന്‍ തലാലും അമ്മ രാജകുമാരി റീമ ബിന്‍ത് തലാലും ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബം രാജകുമാരന്‍ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് അചഞ്ചലമായ പ്രത്യാശ പ്രകടിപ്പിച്ച് ചികിത്സ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ദൈവം മകന് മരണം വിധിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ ജീവന്‍ നഷ്ടമാകുമായിരുന്നു എന്നാണ് പിതാവ് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് മകന്റെ ജീവന്‍ ഇത്രയും കാലം വൈദ്യസഹായത്തോടെ നിലനിർത്തിയത്.
Content Highlights: Saudi Arabia's 'sleeping prince' dies after 20 years in coma