പാർട്ടിയിൽ അംഗത്വം എടുക്കുന്നതിന് ആപ്പ് വികസിപ്പിച്ച് ടിവികെ; നാളെ സുപ്രധാന യോഗം

ഓഗസ്റ്റ് 25 ന് മധുരയില്‍ നടക്കാനിരിക്കുന്ന ടിവികെയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിയാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്

dot image

ചെന്നൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ടിവികെ നേതാവ് വിജയ്. ഇതിനോട് അനുബന്ധിച്ച് ജില്ലാ തല പാര്‍ട്ടി സെക്രട്ടറിമാരുമായി ചേർന്ന് നാളെ (ഞായറാഴ്ച) തന്ത്രപ്രധാന യോഗം ചേരാന്‍ ടിവികെ തീരുമാനിച്ചു. തമിഴ്‌നാട് പനയൂരിലാവും യോഗം നടക്കുക. ഓഗസ്റ്റ് 25 ന് മധുരയില്‍ നടക്കാനിരിക്കുന്ന ടിവികെയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിയാണ് യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ കേഡര്‍ തലത്തിലുള്ള ശക്തി വര്‍ധിപ്പിക്കുന്നതിന് യോഗം സഹായിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. പാര്‍ട്ടി വിപുലീകരണത്തോട് അനുബന്ധിച്ച് പാര്‍ട്ടി അംഗത്വം എടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി ടിവികെ മൊബൈല്‍ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ ആപ്പ് എങ്ങനെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണമെന്ന് വിജയ് തന്നെ വ്യക്തമാക്കും. ആപ്പിന്റെ ഉപയോഗത്തെ പറ്റിയും പ്രവര്‍ത്തനത്തെ പറ്റിയും വിവരിച്ചുകൊണ്ടുള്ള പരിശീലന ക്ലാസും നാളെ ഉണ്ടായേക്കാമെന്നാണ് വിവരം. അംഗത്വം എടുക്കാന്‍ സഹായിക്കുക എന്നതിന് അപ്പുറം പാര്‍ട്ടിയുടെ വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങളെയും ആപ്പിലൂടെ സൂക്ഷമമായി നിരീക്ഷിക്കും.

നിയസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് പാർട്ടിയുടെ അടിത്തറ പാകുന്ന പ്രവര്‍ത്തനങ്ങളില്‍ തമിഴക വെട്രി കഴകം പ്രവര്‍ത്തകരും വിജയും വ്യാപൃതരാണ്. നാളെ നടക്കാനിരിക്കുന്ന യോഗവും മധുരൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനവുമെല്ലാം അതിന്റെ ഉദ്ദാഹരണങ്ങളാണ്.

Content Highlights- TVK develops app to join party; Vijay calls important meeting tomorrow

dot image
To advertise here,contact us
dot image