'ഏറെ വൈകിയ തീരുമാനം': പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ്

പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു

'ഏറെ വൈകിയ തീരുമാനം': പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ്
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. വളരെ വൈകിയ സന്ദര്‍ശനമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായത് 2023 മെയ് മൂന്നിനാണ്. അന്നുമുതല്‍ നൂറുകണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടു, ആയിരക്കണക്കിനുപേര്‍ക്ക് നാടുവിടേണ്ടിവന്നു. നിരവധിപേര്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായി. സാമൂഹ്യ ഐക്യം പൂര്‍ണമായും തകര്‍ന്നു. ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം മാത്രമായി എങ്ങും. എന്നിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചു എന്നാണ് ജയ്റാം രമേശ് പറഞ്ഞത്.

'കഴിഞ്ഞ 29 മാസം പ്രധാനമന്ത്രി മണിപ്പൂരിലെ ഒരു രാഷ്ട്രീയ നേതാവിനെയോ പാര്‍ട്ടിയെയോ എംഎല്‍എയെയോ എംപിയെയോ ഒരു സാമൂഹ്യ സംഘടനയെയോ പോലും കാണാന്‍ തയ്യാറായില്ല. രണ്ടര വര്‍ഷത്തിനിടെ ലോകം മുഴുവന്‍ സന്ദര്‍ശിച്ച മോദി അരുണാചല്‍ പ്രദേശും അസമും വരെ സന്ദര്‍ശിച്ചു. പക്ഷെ മണിപ്പൂരിലെ ജനങ്ങളെ കാണാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല. പ്രധാനമന്ത്രി മണിപ്പൂരിനെ പൂര്‍ണമായും അവഗണിച്ചു': ജയ്റാം രമേശ് എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി സെപ്റ്റംബര്‍ പതിമൂന്നിന് മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ബൈറാബി-സൈറാങ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മിസോറാം സന്ദര്‍ശിക്കും. തുടര്‍ന്ന് മണിപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇംഫാലിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2023 മെയ് മാസത്തില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.

മണിപ്പൂരില്‍ മെയ്‌തേയ്- കുകി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറേ പേര്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്. കലാപം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചൊഴിഞ്ഞിരുന്നു. മണിപ്പൂരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്.

Content Highlights: 'A very late decision': Congress on NarendraModi's Manipur visit

dot image
To advertise here,contact us
dot image