കരയുന്ന കുഞ്ഞ്, മരിക്കാനൊരുങ്ങിയ അമ്മ; ജീവൻ രക്ഷിച്ച് പൊലീസ്

യുവതിയുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആദ്യം എടുത്തില്ല. ഇടയ്ക്ക് ഫോൺ എടുത്ത യുവതി പൊലീസിനോട് ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞു

കരയുന്ന കുഞ്ഞ്, മരിക്കാനൊരുങ്ങിയ അമ്മ; ജീവൻ രക്ഷിച്ച് പൊലീസ്
dot image

കോഴിക്കോട്: ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് പൊലീസ്. കണ്ണാടിപ്പൊയിൽ സ്വദേശിനിയായ യുവതിയെയാണ് ബാലുശ്ശേരി പൊലീസ് എത്തി കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 'നിങ്ങളുടെ സ്റ്റേഷൻ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പർ ഇതാണ്' എന്നാണ് പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് ബാലുശ്ശേരി സ്റ്റേഷനിലേക്ക് ലഭിച്ച അറിയിപ്പ്. യുവതിതന്നെയാണ് പയ്യോളി പൊലീസിനെ വിളിച്ചത്. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ബാലുശ്ശേരി ഇൻസ്‌പെക്ടർ ടി പി ദിനേശന്‍റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. ഇതിനോടകം ഫോൺ നമ്പറിന്റെ ലൊക്കേഷൻ കണ്ണാടിപ്പൊയിൽ ഭാഗത്താണെന്നു മനസ്സിലാക്കിയിരുന്നു. ഇൻസ്പെക്ടർ യുവതിയുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആദ്യം എടുത്തില്ല. ഇടയ്ക്ക് യുവതി ഫോൺ എടുത്തതോടെ അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം.

എന്നാൽ ആരും ഇവിടേക്കു വരേണ്ടെന്നായിരുന്നു യുവതി പറഞ്ഞത്. ഞങ്ങൾ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീർഘിപ്പിക്കാൻ ഇൻസ്‌പെക്ടർ ശ്രമിച്ചെങ്കിലും ഇതിനിടയ്ക്ക് യുവതി ഫോൺ കട്ട് ചെയ്തു. ലൊക്കേഷനിലെ ഒരു വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് വാതിൽ പൊളിച്ച് അകത്തു കടന്ന പൊലീസ് സംഘം ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. ഉടൻ തന്നെ ഇൻസ്‌പെക്ടർ യുവതിയെ പിടിച്ച് ഉയർത്തി. മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരികയാണ്.

Content Highlights: Balussery police Rescue operation, Saved Women life

dot image
To advertise here,contact us
dot image