ധര്‍മസ്ഥല വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്: സിദ്ധരാമയ്യ

ബിജെപി ഒരുവശത്ത് ഹെഗ്‌ഡെയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും മറുവശത്ത് സൗജന്യയുടെ കുടുംബത്തെ പ്രകോപിപ്പിക്കുകയും ചെയ്യുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു

ധര്‍മസ്ഥല വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണ്: സിദ്ധരാമയ്യ
dot image

ബെംഗളൂരു: ധര്‍മസ്ഥല വിഷയത്തില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധര്‍മസ്ഥലയിലെ വിവാദങ്ങളില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം നടത്തുമ്പോള്‍ എന്തിനാണ് എന്‍ഐഎ കേസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സമയത്ത് എന്തുകൊണ്ട് ബിജെപി എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നും അവര്‍ക്ക് പൊലീസില്‍ വിശ്വാസമില്ലേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം ചോദിച്ചത്.

'ധര്‍മസ്ഥലയിലെ ധര്‍മാധികാരി ഡി വീരേന്ദ്ര ഹെഗ്‌ഡെ എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്തിരുന്നു. എസ്ഐടി സ്വതന്ത്രമായി അന്വേഷണം നടത്തുകയാണ്. സത്യം പുറത്തുകൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാര്‍ എസ്‌ഐടിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്'- സിദ്ധരാമയ്യ പറഞ്ഞു. സൗജന്യ കേസ് പുനരന്വേഷിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിലും സിദ്ധരാമയ്യ പ്രതികരിച്ചു.

'സൗജന്യ കേസിലെ ആരോപണങ്ങള്‍ ഹെഗ്‌ഡെയ്‌ക്കെതിരായിരുന്നു. ബിജെപി ഒരുവശത്ത് ഹെഗ്‌ഡെയെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുകയും മറുവശത്ത് സൗജന്യയുടെ കുടുംബത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ബിജെപി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നത്. പുനരന്വേഷണം ആവശ്യമുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടത് സൗജന്യയുടെ കുടുംബമാണ്'- സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP is playing politics on Dharmasthala issue says Siddaramaiah

dot image
To advertise here,contact us
dot image