
ന്യൂഡല്‍ഹി: സിപിഐഎമ്മിനേയും ആര്‍എസ്എസിനേയും ഒരുപോലെ കണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. രാഹുല്‍ ഗാന്ധിയുടേത് അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണെന്നും ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ എല്ലാ സെക്കുലര്‍ പാര്‍ട്ടികളും അണിനിരക്കേണ്ട സമയത്താണ് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യ സഖ്യയോഗവും പാര്‍ലമെൻ്റ് സമ്മേളനവും ആരംഭിക്കാന്‍ ഇരിക്കെയാണ് പ്രസ്താവന. ബീഹാര്‍ തെരഞ്ഞെടുപ്പിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഇതുപോലൊരു പ്രസ്താവന നടത്തിയത് എന്നോര്‍ക്കണം. ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാന്‍ ഒപ്പമുള്ളവര്‍ മടിക്കുന്നു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു കളിക്കുകയാണ്. തനിക്ക് വ്യക്തമായ ദാര്‍ശനിക തലം നല്‍കുന്നതിന് യെച്ചൂരി സഹായിച്ചിട്ടുണ്ട് എന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞതാണ്. താനും പൂണൂലിട്ട ബ്രാഹ്‌മണന്‍ എന്നു പറഞ്ഞു നടന്ന കാലം രാഹുല്‍ഗാന്ധിക്ക് ഉണ്ടായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശനം ഉയര്‍ത്തി.
അതേ സമയം, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് നോമിനേഷന്‍ പ്രക്രിയയുടെ തന്നെ അന്തസത്തയ്ക്ക് നിരക്കാത്തത് ആണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഐഎമ്മിനെതിരെ അദ്ദേഹത്തെ പോസ്റ്റര്‍ ബോയ് ആക്കാന്‍ ബിജെപി ശ്രമിക്കുന്നു. അതിനാണ് ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന അക്രമ സംഭവങ്ങളുടെ പട്ടിക സിപിഐഎം പോസ്റ്റര്‍ ആക്കുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Content Highlights- John Brittas MP criticizes Congress leader Rahul Gandhi's remarks that equate CPI(M) and RSS