ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല: ഗുരുതര ആരോപണവുമായി മനേസര്‍ മേയര്‍

ബിജെപി സ്ഥാനാര്‍ത്ഥിയെ താന്‍ പരാജയപ്പെടുത്തിയതിലുളള പകവീട്ടലാണ് മന്ത്രി നടത്തുന്നതെന്നും മേയർ ആരോപിച്ചു

dot image

ഗുരുഗ്രാം: ഹരിയാന മന്ത്രി റാവു നര്‍ബീര്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി മനേസര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇന്ദ്രജിത് യാദവ്. മന്ത്രി തന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇന്ദ്രജിത് യാദവിന്റെ ആരോപണം. ഭര്‍ത്താവിനെതിരെ ആക്രമണക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അവരുടെ പ്രതികരണം. ഹയാത്പൂര്‍ ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തില്‍ തന്റെ ഭര്‍ത്താവ് രാകേഷിനെ കളളക്കേസില്‍ കുടുക്കിയെന്നും മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് ഇന്ദ്രജിത് പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയെ താന്‍ പരാജയപ്പെടുത്തിയതിലുളള പകവീട്ടലാണ് മന്ത്രി നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ മാസം മനേസര്‍ കൗണ്‍സിലര്‍ ദയാറാമിന്റെ ബന്ധുവായ പ്രദീപ് ആക്രമിക്കപ്പെട്ടിരുന്നു. അക്രമികള്‍ സ്വര്‍ണമാലയും 12,000 രൂപയും തട്ടിയെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തത് ഷിക്കോഹ്പൂര്‍ സ്വദേശിയായ പരംജീത്, മേയറുടെ ഭര്‍ത്താവ് രാകേഷ് എന്നിവര്‍ക്കെതിരെയാണ്. മേയര്‍ തെരഞ്ഞെടുപ്പില്‍ മന്ത്രിയുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ കുടുംബത്തെ ഉപദ്രവിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുന്ദര്‍ ലാല്‍ യാദവാണ് സ്വതന്ത്ര സ്ഥാനാർത്ഥി ഇന്ദ്രജിത് യാദവിനോട് പരാജയപ്പെട്ടത്.

Content Highlights: Manesar mayor alleges minister rao narbir singh harass her family

dot image
To advertise here,contact us
dot image