

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് വർധിക്കുന്നതിനിടയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഇനി മുതൽ സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ലോഡ് മാനോജ്മെൻ്റ്, പവർക്കട്ടും ലോഡ് ഷെഡ്ഡിങും പോലെ മുൻകൂട്ടി അറിയിക്കില്ല. അതാത് പ്രദേശങ്ങളുടെ വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയുടെ പരിധിക്കപ്പുറത്തേക്ക് കടക്കുമ്പോഴായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സമയങ്ങളിൽ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കും.
പ്രതിസന്ധി വരുന്ന ഘട്ടങ്ങളിൽ അതാത് പ്രദേശങ്ങളിൽ തീരുമാനം എടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. വൈദ്യുതി ഉപഭോഗം വിതരണ സംവിധാനത്തിന് തങ്ങാനാവുന്ന പരിധിയിലും കൂടുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടാൽ ആ പ്രദേശത്ത് അരമണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തും. ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണമില്ലാതെ മുന്നോട്ടുനീങ്ങാൻ കഴിയില്ലെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം പലയിടത്തും ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടന്നിരിക്കുന്നത്.
Content Highlights:Government announces power restrictions amid rising heat in the state