
ഭുവനേശ്വർ: മുതിർന്ന ഒഎഎസ് (ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ഉദ്യോഗസ്ഥനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൂട്ട അവധിയിൽ പ്രവേശിക്കാൻ ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അസോസിയേഷൻ അംഗങ്ങൾ. ഇന്നു മുതൽ കൂട്ട അവധിയിൽ പ്രവേശിക്കുമെന്ന് അസോസിയേഷൻ തിങ്കളാഴ്ച അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജ്യോതി രഞ്ജൻ മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഒഎഎസ് ഉദ്യോഗസ്ഥനും ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഡീഷണൽ കമ്മീഷണറുമായ രത്‌നാകർ സാഹുവിനെയാണ് തിങ്കളാഴ്ച ഒരു കൂട്ടം ആളുകൾ ഓഫീസിൽ നിന്ന് വലിച്ചിഴച്ച് ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ എന്താണ് അക്രമണകാരണമെന്ന് വ്യക്തമായിട്ടില്ല.
'ഔദ്യോഗിക പരിസരത്ത് ഒഎഎസ് ഉദ്യോഗസ്ഥനുനേരെ പട്ടാപ്പകൽ നടന്ന ഭീകരവും നിന്ദ്യവുമായ ആക്രമണത്തിൽ പ്രതിഷേധിച്ച് 2025 ജൂലൈ ഒന്നുമുതൽ ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അസോസിയേഷൻ കൂട്ട അവധിയിൽ പ്രവേശിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി അറിയിക്കുന്നു', അസോസിയേഷൻ വ്യക്തമാക്കി.
Content Highlights: Odisha Officers To Go On Mass Leave To Protest Assault On Their Colleague