
ചെന്നൈ: മോഷണക്കേസിൽ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയ യുവാവ് മരിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അജിത് കുമാറിൻ്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മൂലമായിരുന്നു മരണമെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
തമിഴ്‌നാട്ടിലെ ശിവഗംഗയിലായിരുന്നു കേസിനാസ്പദമായ സംഭവം. മദപുരം കാളിയമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാർ എന്ന 27-കാരനെയാണ് തിരുപുവനം പൊലീസ് മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാർ പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്നായിരുന്നു ആരോപണം. എന്നാൽ കാർ ഓടിക്കാൻ അറിയാത്ത അജിത് കുമാർ വണ്ടി പാർക്ക് ചെയ്യാൻ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോൽ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടർന്ന് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത് മരിച്ചുവെന്ന് പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.
പൊലീസ് താനുൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മർദിച്ചെന്ന് അജിത്തിന്റെ സഹോദരൻ നവീൻ ആരോപിച്ചിരുന്നു. 'അന്ന് ക്ഷേത്രത്തിലെത്തിയ സ്ത്രീ താൻ ശാരീരിക വൈകല്യമുളളയാളാണെന്നും വണ്ടി പാർക്ക് ചെയ്യാൻ സഹായിക്കണമെന്നും സഹോദരനോട് ആവശ്യപ്പെട്ടു. എന്നാൽ അവന് വാഹനമോടിക്കാൻ അറിയില്ല. അവൻ മറ്റാരോടോ സഹായിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ആഭരണം കാണാനില്ലെന്ന് ആരോപിച്ച് പൊലീസ് അജിത്തിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. എന്നെയും അരമണിക്കൂറോളം മർദിച്ചു. അജിത്തിനോട് കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചു. എന്റെ സഹോദരന് ഒരു ക്രിമിനൽ പശ്ചാത്തലവുമില്ല', നവീൻ പറഞ്ഞു.
സംഭവത്തെ അപലപിച്ച് പ്രതിപക്ഷത്തെ നേതാക്കളും രംഗത്തെത്തി. ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അജിത് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Sivaganga custodial death case updates