
കോയമ്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിലായി. കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ, അൻസൂർ സ്വദേശി എൻ പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു ഇവർ. മദ്യലഹരിയിലായിരുന്ന സംഘം നാടൻ തോക്കുകളുമായാണ് വേട്ടയ്ക്ക് പോയത്. വേട്ട തുടരുന്നതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇതോടെ പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: man shot dead in tamil nadu after mistaking him for a deer