അങ്കിൾ വിളി, വിവാദ ഫോൺസംഭാഷണം; തായ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ

രണ്ടിനെതിരെ ഏഴ് വോട്ടുകൾക്കാണ് തായ്‌ലന്‍ഡ്‌ ഭരണഘടനാ കോടതി ഷിനവത്രയെ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്

dot image

ബാങ്കോക്ക്: കംബോഡിയ‌ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോർന്നതിനുപിന്നാലെ തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ സസ്പെൻഡ് ചെയ്ത് ഭരണഘടനാ കോടതി. ഷിനവത്രയ്ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

രണ്ടിനെതിരെ ഏഴ് വോട്ടുകൾക്കാണ് തായ്‌ലന്‍ഡ്‌ ഭരണഘടനാ കോടതി ഷിനവത്രയെ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. അന്വേഷണ നടപടി പൂർത്തിയായി കോടതി വിധി വരുന്നതു വരെയാണ് സസ്പെൻഷൻ. നയതന്ത്ര മൂല്യങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷിനവത്രക്കെതിരെ പ്രതിപക്ഷാംഗങ്ങൾ പരാതി നൽകുകയായിരുന്നു.

കംബോഡിയയുമായുള്ള അതിർത്തിത്തർക്കം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഷിനവത്രയ്‌ക്കെതിരെ ജനരോഷം കനക്കുന്നതിനിടെയാണ് കോളിളക്കം സൃഷ്ടിച്ച് വിവാദ ഫോൺസംഭാഷണം പുറത്തുവന്നത്. ഹുൻ സെൻ തന്നെയാണ് 17 മിനിറ്റുള്ള സ്വകാര്യസംഭാഷണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഭാഷണത്തിനിടെ ഹുൻ സെന്നിനെ 'അങ്കിൾ' എന്നാണ് ഷിനവത്ര വിളിച്ചത്.

അനന്തിരവളായിക്കരുതി തന്നോട് അനുകമ്പ കാണിക്കണമെന്നാണ് ഷിനവത്ര പറഞ്ഞത്. കംബോഡിയൻ അതിർത്തിയുടെ ചുമതലയുള്ള കമാൻഡർ ബൂൻസിൻ പദ്ക്ലാങ്ങിനെക്കുറിച്ച് ഷിനവത്ര മോശം പരാമർശം നടത്തുകയും ചെയ്തു. അയാൾ തന്റെ എതിരാളിയാണെന്നും മാധ്യമങ്ങളോട് വീമ്പുപറയാനാണ് താത്പര്യമെന്നും ഈ കാട്ടിക്കൂട്ടലുകൾ തനിക്കിഷ്ടമല്ലെന്നും ഷിനവത്ര ഹുൻ സെന്നിനോട് പറഞ്ഞിരുന്നു.

അതിർത്തിസംഘർഷം ലഘൂകരിക്കാൻ വ്യക്തിപരമായി നയതന്ത്രശ്രമം നടത്തിയതാണെന്നാണ് ഷിനവത്രയുടെ വിശദീകരണം. ജനരോഷം ശക്തമായതോടെ ഷിനവത്ര പരസ്യമായി മാപ്പുപറഞ്ഞിരുന്നു. തായ്‌ലന്‍ഡ്‌-കംബോഡിയ അതിർത്തിത്തർക്കം സായുധസംഘർഷത്തിൽ കലാശിക്കുകയും മെയ് 28-ന് ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Thailand PM Paetongtarn Shinawatra Suspended Over A Leaked Phone Call

dot image
To advertise here,contact us
dot image