വിജയാഘോഷ പരിപാടിക്കിടയിലെ ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു

അന്വേഷണവുമായി സഹകരിക്കാന്‍ കെഎസ്‌സിഎയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു

വിജയാഘോഷ പരിപാടിക്കിടയിലെ ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു
dot image

ബെംഗളൂരു: വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു. ക്രിക്കറ്റ് അസോസിയേഷനെതിരായ നിർബന്ധിത നടപടികൾ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ആര്‍സിബിയുടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്‌സിഎ) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്.

അടുത്ത വാദം കേള്‍ക്കല്‍ വരെ അറസ്റ്റുണ്ടാകില്ല. എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കെഎസ്‌സിഎയുടെ ഹര്‍ജിയില്‍ വാദം തുടരും. അന്വേഷണവുമായി സഹകരിക്കാന്‍ കെഎസ്‌സിഎയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് നിഖില്‍ സൊസാലെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തിന്റെ പേരിലെടുത്ത കേസിലാണ് അറസ്റ്റ്. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു നിഖില്‍ സൊസാല അറസ്റ്റിലായത്. ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്ക്സുമായി ചേര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖില്‍ സൊസാലെ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികളും അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവിലാണെന്നും സൂചനയുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ജയറാം എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പൊലീസ് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പലരുടെയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസിപി, സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇന്‍-ചാര്‍ജ്, അഡീഷണല്‍ പോലീസ് കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കല്‍ ഡി'കുന്‍ഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ആദ്യമായി ഐപിഎല്‍ ചാമ്പ്യന്മാരായ ആര്‍സിബിയുടെ വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിയ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

Content Highlights: High Court bars coercive steps against Karnataka cricket body in stampede case

dot image
To advertise here,contact us
dot image