സുഗതന്‍ അയോഗ്യനാകുമോ? അപേക്ഷിച്ചവര്‍ക്കെല്ലാം അവധി നല്‍കിയതാണ് ചരിത്രമെന്ന് മേയർ; ബിജെപിക്ക് ഇന്ന് നിര്‍ണായകം

അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും

സുഗതന്‍ അയോഗ്യനാകുമോ? അപേക്ഷിച്ചവര്‍ക്കെല്ലാം അവധി നല്‍കിയതാണ് ചരിത്രമെന്ന് മേയർ; ബിജെപിക്ക് ഇന്ന് നിര്‍ണായകം
dot image

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ അയോഗ്യനാവുമോയെന്ന് ഇന്ന് അറിയാം. മേയര്‍ വി വി രാജേഷ് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും. അപേക്ഷയെ എതിര്‍ക്കാനാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും തീരുമാനം. അവധി അപേക്ഷ പാസായില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാവുമെന്നിരിക്കെ അപേക്ഷ വോട്ടിനിടാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

എന്നാല്‍ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് മേയര്‍ വി വി രാജേഷ് പറഞ്ഞു. അവധി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും അത് അനുവദിച്ച ചരിത്രം മാത്രമെ കോര്‍പ്പറേഷന് ഉള്ളൂ. ഒരാളുടേയും അവധി അപേക്ഷയ്ക്ക് എതിരായ നിലപാട് ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മേയര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അവിശ്വാസം കൊണ്ടുവരാന്‍ കാത്തിരിക്കുകയാണെന്നും എന്താണ് വൈകുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും വി വി രാജേഷ് പരിഹസിച്ചു.

അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. എന്നാല്‍ കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ പരാതിയുമായി ആരെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാല്‍ ഏത് സാഹചര്യത്തിലാണ് അവധി അംഗീകരിച്ചതെന്ന് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടി വരും.

ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിര്‍ബന്ധമാണെന്നിരിക്കെയാണ് ഇന്ന് കൗണ്‍സില്‍ വിളിച്ചിരിക്കുന്നത്. 101 അംഗ കൗണ്‍സിലില്‍ സുഗതന്‍ ഉള്‍പ്പെടെ 50 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. രണ്ട് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയോടെയാണ് ബിജെപി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. സുഗതന്‍ അയോഗ്യനായാല്‍ ബിജെപി ഭരണസമിതി പ്രതിസന്ധിയിലാവും. യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ആകെ അംഗബലം 49 ആണ്. രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിര്‍ണ്ണായകമാവും.

Content Highlights: A decision on whether BJP councillor R Sugathan, currently in jail under the KAAPA Act, will be disqualified is expected ahead of today's Corporation Council meeting

dot image
To advertise here,contact us
dot image