
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സ്ത്രീക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ്. ഇഷ ഛബ്രയെ എന്ന 36 കാരിയെയാണ് പൊലീസ് പിടികൂടിയത്. വാഹന ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇഷക്കെതിരെ കേസുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അന്ധേരിയിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഏപ്രിൽ 28-നായിരുന്നു സംഭവം. ഓഫീസിലെ വനിത ജീവനക്കാരിയെ ഇഷ ആക്രമിച്ചതായും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ കേടുവരുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മോഡലാണെന്ന് അവകാശപ്പെടുന്ന ഇഷ സൽമാൻ ഖാന്റെ വസതിയിൽ ആരുമറിയാതെ പ്രവേശിക്കാൻ ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ നടൻ തന്നെ ക്ഷണിച്ചുവെന്നും അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിയ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാളെ കണ്ടതായും ഇവർ പൊലീസിനോട് പറഞ്ഞു.
എന്നാൽ ഈ സ്ത്രീയുമായോ അവരുടെ അവകാശവാദങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് നടന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. മെയ് 20-നും സമാനമായ സംഭവം ഉണ്ടായിരുന്നു. ജിതേന്ദ്ര കുമാർ സിംഗ് എന്ന യുവാവ് നടനെ കാണണമെന്ന പേരിൽ സൽമാന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു.
അതേസമയം, സല്‍മാന്‍ ഖാന്റെ പടിഞ്ഞാറന്‍ ബാന്ദ്രയിലെ വസതിയില്‍ സന്ദര്‍ശകരെത്തുന്നത് നിയന്ത്രിക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ്. ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ തുടര്‍ച്ചയായി ആളുകൾ അതിക്രമിച്ചുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.
Content Highlights: Police say the woman who tried to break into Salman Khan's house has a criminal background