
റായ്പൂര്‍: കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ വാദങ്ങളെല്ലാം പൂര്‍ത്തിയായതായി കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമൃതോ ദാസ്. കോടതിയുടെ തീരുമാനം നാളെ വരുമെന്നും ജാമ്യം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അമൃതോ ദാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേസ് ഡയറിയില്‍ കന്യാസ്ത്രീകള്‍ക്ക് എതിരായി ഉണ്ടായിരുന്ന കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
'കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അത് സ്വാഭാവിക നടപടിയാണ്. പ്രോസിക്യൂഷന് ഒറ്റയടിക്ക് പിന്തുണക്കാനാവില്ല. കേസ് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ ക്രിമിനല്‍സ് അല്ലെന്ന് കോടതിയില്‍ ഞങ്ങള്‍ പറഞ്ഞു. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടു,' അമൃതോ ദാസ് കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎ കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
Content Highlights: Chattisgarh Nuns advocate reaction about prosecution oppose bail