'നിര്‍ബന്ധിതമായി മതം മാറ്റാന്‍ ശ്രമിച്ചു'; കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് വാദിച്ച് ബജ്‌റംഗ്ദളും

കന്യാസ്ത്രീകള്‍ക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു

dot image

റായ്പൂര്‍: കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്‌റംഗ്ദളിന്റെ അഭിഭാഷകരും. കടുത്ത ഭാഷയില്‍ ആണ് ബജ്‌റംഗ്ദൾ അഭിഭാഷകര്‍ കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചത്. കന്യാസ്ത്രീകള്‍ക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ നിര്‍ബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാന്‍ ശ്രമിച്ചതെന്ന് അഭിഭാഷകര്‍ വാദിച്ചു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഒരു കരണവശാലും ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഭാഗം അഭിഭാഷകന്‍ പ്രങ്കുഷ് മിശ്ര റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കന്യാസ്ത്രീകള്‍ നിര്‍ബന്ധിച്ചാണ് കുട്ടികളുടെ മതം മാറ്റാന്‍ ശ്രമിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ഇത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും പങ്കുഷ് മിശ്ര പറഞ്ഞിരുന്നു. കന്യാസ്ത്രീകള്‍ ഇത് തുടര്‍ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരും. ഇത് തന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിലപാട്. സെഷന്‍സ് കോടതിയിലും എന്‍ഐഎ കോടതിയിലും ഇത് തന്നെയാണ് ആവര്‍ത്തിച്ചതെന്നും പ്രങ്കുഷ് മിശ്ര വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ല. കോടതിയില്‍ നാളെയും ഇത് തന്നെ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നായിരുന്നു അമിത് ഷായുടെ ഉറപ്പ്. എന്നാല്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയില്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിതെന്നും തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

Content Highlights: Chattisgarh Bajrang Dal advocate oppose Nun bail

dot image
To advertise here,contact us
dot image