

പത്തനംതിട്ട: നേപ്പാളില്‍ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹക സീന സാറ മജ്‌നു സുരക്ഷിതയെന്ന് നേപ്പാളില്‍ നിന്നും ഫോണില്‍ അറിയിച്ചതായി ഭര്‍ത്താവ് മജ്‌നു എം രാജന്‍. എന്നാല്‍ തിരികെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും മജ്‌നു വ്യക്തമാക്കി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ സീന സാറ മജ്‌നുമാണ് നേപ്പാളിലെ പര്‍വ്വതത്തില്‍ കുടുങ്ങിയത്.
'അരമണിക്കൂര്‍ മുന്നേ നേപ്പാളില്‍ നിന്നും ഫോണ്‍ വന്നിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. നെറ്റ് വര്‍ക്ക് ഇല്ല. കിട്ടിയാല്‍ തിരികെ വിളിക്കാമെന്നാണ് പറഞ്ഞത്. ബേസ് ക്യാമ്പില്‍ എത്തി കാണുമെന്നാണ് വിവരം. ഇറങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്', മജ്‌നു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആശങ്കയൊഴിഞ്ഞെന്നും എംബസി ഉദ്യോഗസ്ഥനാണ് വിളിക്കുന്നതെന്നാണ് പറഞ്ഞതെന്നും മജ്നു വ്യക്തമാക്കി. 'ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് കിളിമഞ്ചാരോ, മൗണ്ട് എല്‍ബ്രസ്, ഇന്ത്യയിലെ മിക്ക പര്‍വ്വതങ്ങളും നേപ്പാളിലെ പര്‍വ്വതങ്ങളൊക്കെ സീന കയറിയിട്ടുണ്ട്. മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുഴപ്പമില്ലായിരുന്നു. കിളിമഞ്ചാരോ അപകടത്തില്‍ പരിക്കുണ്ടായിരുന്നു. എനിക്ക് പര്‍വ്വതത്തില്‍ പോകാന്‍ താല്‍പര്യമില്ല. ഓരോരുത്തര്‍ക്കും ഓരോ താല്‍പര്യമില്ലല്ലോ. അവരുടെ താല്‍പര്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. പര്‍വ്വതങ്ങള്‍ ഒരുപാട് കിടപ്പുണ്ട്. എല്ലാം കയറണം അത് നിര്‍ത്തത്തില്ലെന്നാണ് സീന പറയാറ് എന്നും മജ്‌നു വ്യക്തമാക്കി.
തിരിച്ച് ഇറങ്ങുമ്പോള്‍ താന്‍ വീണുപോയതാണെന്നും കൈ അനക്കാനാവില്ലെന്നുമായിരുന്നു സീന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ 21നാണ് സീന നേപ്പാളിലേക്ക് പോയത്. 'തിരിച്ചിറങ്ങുന്ന വഴി ഞാനൊന്ന് വീണു. കൈ അനക്കാന്‍ കഴിയുന്നില്ല. എന്റെ കൂടെയുണ്ടായിരുന്നയാള്‍ താഴെപ്പോയി. എനിക്കറിയത്തില്ല. പുള്ളിയെ കാണുന്നില്ല. എനിക്ക് കൈ പൊക്കാന്‍ വയ്യ. വീണു കിടക്കുകയാണ്. എനിക്ക് തീരെ വയ്യ. എങ്ങനെ താഴെ പോകുമെന്ന് അറിയത്തില്ല', എന്നാണ് സീന വീഡിയോയില്‍ പറയുന്നത്.
Content Highlights: Malayali mountaineer Seena Sara Majnu, stranded in Nepal, is safe, her husband Majnu M Rajan said after receiving a phone call from Nepal