
മുംബൈ: മുംബൈയില്‍ രണ്ടര വയസുകാരിയെ അമ്മയുടെ പങ്കാളി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. അമ്മ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫര്‍ഹാന്‍ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍വാനി പ്രദേശത്തുവെച്ചായിരുന്നു സംഭവം.
ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ കുട്ടി മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടരവയസുകാരിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടല്‍ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരിച്ചതെന്നും ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു.
കൂടുതല്‍ അന്വേഷണത്തില്‍ അമ്മയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് തെളിഞ്ഞു. കുറ്റകൃത്യം നടന്നപ്പോള്‍ റീന തടഞ്ഞില്ലെന്ന് മാത്രമല്ല ആശുപത്രിയിലെത്തിച്ചപ്പോള്‍ മകള്‍ക്ക് അപസ്മാരം ബാധിച്ചതാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ (പോക്‌സോ ആക്ട് സെക്ഷന്‍ 6 (തീവ്രമായ ലൈംഗികാതിക്രമം), 10, 21) ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Content Highlights: Minor girl raped and killed by mothers partner in mumbai