'നാല്‍പതുകാരന് നായിക ഇരുപതുകാരി, അതൊരു ചെറിയ കൊച്ചല്ലേ'; രണ്‍വീര്‍ സിങ്ങിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

അനിയത്തി, മകൾ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സാറയെ പെട്ടന്ന് മറ്റൊരു ഗെറ്റപ്പിൽ കണ്ടതിന്റെ ഷോക്ക് കൂടിയുണ്ട് ആരാധകർക്ക്

dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. സിനിമയുടെ അനൗൺസ്‌മെന്റ് ടീസർ രൺവീറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ടീസർ വൻ സ്വീകാര്യത നേടിയതിനൊപ്പം തന്നെ നായികയുടെയും നായകന്റെയും പ്രായം ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും എക്സ് പ്ലാറ്റ്ഫോമിൽ നിറയുകയാണ്. നാല്പതുകാരനായ രൺവീറിന് ഇരുപതുകാരിയായ സാറ നായികയായതാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്.

ബോളിവുഡിൽ ഇത് സർവസാധാരണ വിഷയമാണെങ്കിലും ചിലരെ ഇത് വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. കാരണം മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരിയായി മാറിയ സാറാ അർജുൻ ബാല്യകാലം മുതൽ സിനിമയിൽ സജീവമാണ്. അനിയത്തി, മകൾ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന സാറയെ പെട്ടന്ന് മറ്റൊരു ഗെറ്റപ്പിൽ കണ്ടതിന്റെ ഷോക്ക് കൂടിയുണ്ട് ആരാധകർക്ക്. ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് സാറയെ പരിചയം. ഇത്രപെട്ടെന്ന് ഈ കുട്ടി വലുതായോ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.

അതേസമയം, ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്‌മെന്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം രൺവീറിന്റെതായി പുറത്തിറങ്ങുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്.

Content Highlights:  Criticism against the cast of the movie Durandar

dot image
To advertise here,contact us
dot image