'എന്തുകൊണ്ട് 10 വർഷം കാത്തിരുന്നു?' വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ വെറുതെവിട്ട് കോടതി

പ്രോസിക്യൂഷന്‍ കേസില്‍ ഒട്ടേറെ പിഴവുകളുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം

dot image

മുംബൈ: വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ എട്ടുവര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ 49-കാരനെ കോടതി വെറുതെവിട്ടു. സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താനെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി എസ് ദേഷ്മുഖ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2022 മാര്‍ച്ചിലാണ് സ്ത്രീയുടെ പരാതിയില്‍ സോലാപുര്‍ സ്വദേശിയായ 49-കാരനെതിരേ പൊലീസ് കേസെടുത്തത്. 2012 ജൂലായ് മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി.

രണ്ടുകുട്ടികളുടെ അമ്മയായ പരാതിക്കാരിയുടെ ഭര്‍ത്താവ് 2007-ല്‍ മരിച്ചിരുന്നു. 2012 ജൂലായില്‍ തന്റെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍വെച്ചാണ് പരാതിക്കാരിയും പ്രതിയും പരിചയപ്പെട്ടത്. പിറ്റേദിവസം പ്രതി പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ഇരുവരും പുനെ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടുമുട്ടുകയുംചെയ്തു. പിന്നാലെ സമീപത്തെ ലോഡ്ജിലെത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചെന്നും തനിക്കും കുട്ടികള്‍ക്കും സാമ്പത്തികമായ പിന്തുണ നല്‍കാമെന്ന് വാഗ്ദാനംചെയ്‌തെന്നുമായിരുന്നു സ്ത്രീയുടെ പരാതി.

2014-ല്‍ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങളടക്കം പറഞ്ഞ് പ്രതിയുടെ ആവശ്യപ്രകാരം താനെയിലേക്ക് താമസം മാറ്റി. താനെയിലെ വീട്ടില്‍വെച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു. ഇതിനുപുറമേ ഫ്‌ളാറ്റ് വാങ്ങാനും തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച പ്രതിയുടെ ഭാര്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണചെലവിലേക്കെന്ന പേരിലും ലക്ഷങ്ങള്‍ കൈക്കലാക്കി. തന്റെ ആഭരണങ്ങളടക്കം പണയംവെച്ചാണ് പണം നല്‍കിയതെന്നും പരാതിക്കാരി വ്യക്തമാക്കി.

2022-ല്‍ പ്രതി പരാതിക്കാരിയുടെ ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും ഇവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയുംചെയ്തു. ഇതോടെ ബന്ധം വഷളായെന്നും പ്രതിയുടെ വീട്ടിലെത്തി കാര്യം തിരക്കിയ തന്നെ കുടുംബാംഗങ്ങള്‍ അസഭ്യം പറഞ്ഞെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

അതേസമയം, പ്രോസിക്യൂഷന്‍ കേസില്‍ ഒട്ടേറെ പിഴവുകളുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരി പ്രായപൂര്‍ത്തിയായ ആളാണെന്നും പ്രതിയുമായി ഒരുപതിറ്റാണ്ടോളം കാലം സ്വമേധയാ ശാരീരികബന്ധം പുലര്‍ത്തിയെന്നും അതുവരെ യാതൊരും എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്ക് എന്തെങ്കിലും അതിക്രമം നേരിട്ടെങ്കില്‍ എന്തുകൊണ്ടാണ് അത് പരാതിപ്പെടാന്‍ പത്തുവര്‍ഷം കാത്തിരുന്നതെന്നും കോടതി ചോദിച്ചു.

പീഡനക്കേസ് എന്നതിലുപരി ഇരുവരും പരസ്പരസമ്മതത്തോടെ ഒരുമിച്ച് താമസിച്ചവരാണെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍നിന്ന് വ്യക്തമായത്. സാമ്പത്തികതട്ടിപ്പ് കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനായില്ല. മാത്രമല്ല, പരാതിക്കാരിയെ മാത്രമാണ് പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചത്. ക്രോസ് വിസ്താരത്തില്‍ ലോഡ്ജില്‍ പോകുന്നതിനെ താന്‍ എതിര്‍ത്തില്ലെന്ന് പരാതിക്കാരി മൊഴി നല്‍കിയതായും കോടതി പറഞ്ഞു.

Content Highlight : The court acquitted the accused on the complaint of torture by promising marriage

dot image
To advertise here,contact us
dot image