
നിറം മാറുന്ന ജീവി എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഓന്തിന്റെ പേരായിരിക്കും. എന്നാൽ ഓന്തിനെ കൂടാതെ നിറം മാറാൻ കഴിവുള്ള മറ്റ് ജീവികളുമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? പരിണാമ കാലം മുതൽ തന്നേ നിലനിൽപ്പിന്റെ ഭാഗമായി ഓരോ ജീവികൾക്കും ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ വ്യത്യസ്ത കഴിവുകളുണ്ട്. അത്തരത്തിൽ ഓന്തുകൾക്ക് ശത്രുക്കളിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണ് നിറം മാറൽ. ഓന്ത് ഏത് പ്രതലത്തിൽ ഇരിക്കുന്നോ, ആ പ്രതലത്തിന്റെ നിറത്തിലേക്ക് അതിന്‍റെ നിറവും മാറുന്നു. ശത്രുക്കളുടെ കാഴ്ച്ചയിൽ നിന്ന് ഒളിക്കാനുള്ള ഓന്തുകളുടെ ഒരു സൂത്രമാണിത്. ഇത്തരത്തിൽ നിറം മാറി ശത്രുക്കളെ പറ്റിക്കുന്ന മറ്റു ചില ജീവികള്‍ കൂടെയുണ്ട്. നോക്കാം അവയെതൊക്കെ എന്ന്.
ക്രാബ് സ്പൈഡർ
വടക്കൻ അമേരിക്കയിൽ കണ്ടുവരുന്ന ഒരിനം ചിലന്തിയാണിത്. ഇവ പുറപ്പെടുവിക്കുന്ന ഒരു തരം മഞ്ഞ നിറത്തിലുള്ള പിഗ്മെന്റ് ഇവയെ ആ നിറത്തിലേക്ക് മാറാൻ സഹായിക്കുന്നു. ഇത്തരത്തിലാണ് ഇവ ഇരയെ പിടിക്കുന്നത്. പഠനങ്ങൾ പറയുന്നതനുസരിച്ച് മഞ്ഞ,വെള്ള നിറങ്ങളിലുള്ള പൂക്കളില്‍ നിന്നാണ് ഇവ ഇരയെ പിടിക്കുക. വെള്ളനിറത്തിൽ നിന്ന് മഞ്ഞ നിറത്തിലേക്ക് മാറാൻ ഇവയ്ക്ക് ഒരുമാസം എടുക്കും. നേരെ തിരിച്ച് മഞ്ഞയിൽ നിന്ന് വെള്ള നിറത്തിലേക്ക് മാറാൻ വെറും ഒരാഴ്ച മതി. വല വിരിച്ചല്ല ഈ ചിലന്തികൾ ഇരപിടിക്കുന്നത്. പകരം വിരിയാനിരിക്കുന്ന പൂക്കളിൽ ഒളിഞ്ഞിരുന്നാണ്.
കട്ടിൽ ഫിഷ്
കടലിലെ നിറം മാറുന്ന ജീവികളിലൊന്നാണ് കട്ടിൽഫിഷ്. നാഷണൽ ജിയോഗ്രാഫിക് അനുസരിച്ച്, ക്രോമാറ്റോഫോറുകൾ ഉപയോഗിച്ച് നിറവും ഘടനയും വേഗത്തിൽ മാറ്റുന്നതിന് പേരുകേട്ടവയാണ് ഇവ. ഏറ്റവും ശ്രദ്ധേയമായ കാര്യം, അവയ്ക്ക് ഇരുട്ടിലും ഇത് ചെയ്യാൻ സാധിക്കുമെന്നതാണ്. ഇതിലൂടെ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാനും, ഇരയെ പിടിക്കാനും എളുപ്പത്തിൽ സാധിക്കുന്നു.
കടൽക്കുതിര
കടൽകുതിരകൾ കടൽ മത്സ്യങ്ങളാണ്. സിഗ്നാത്തിഡെ (Syngnathidae) കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (Hippocampus) ജനുസിൽ പെട്ട, ഒരു സുതാര്യ മത്സ്യമാണിത് (pipefish). ഹിപ്പൊകാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാക്കുകൾ ചേർന്നാണ് ഉണ്ടായത്. ഹിപ്പൊ എന്നാൽ കുതിര എന്ന് അർഥം, കാമ്പസ് എന്നാൽ വൻജലജന്തു എന്നും. ഉഷ്ണമേഖല (tropical) കടലുകളിലാണ് ഇവ കാണപ്പെടുന്നത്. കടൽകുതിരകളുടെ വലിപ്പം ഏതാണ്ട് 16 മീ.മീമുതൽ 35 സെ.മീ വരെ ആണ്. കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക. ഏകദേശം അമ്പതു സ്പീഷിസ് കടൽ കുതിരകളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്. ചുറ്റുപാടനുസരിച്ച് നിറം മാറാനുള്ള കഴിവ് കടൽക്കുതിരകൾക്കുണ്ട്. ഇത് അവയെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.
മൗണ്ടൻ ഹെയർ
യൂറോപ്പിലും വടക്കൻ അമേരിക്കയിലും കണ്ടുവരുന്ന മുയലുകളാണിവ. നീല മുയൽ , തുണ്ട്ര മുയൽ, വേരിയബിൾ മുയൽ, വെളുത്ത മുയൽ, മഞ്ഞുമുയൽ, ആൽപൈൻ മുയൽ, ഐറിഷ് മുയൽ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഋതുക്കൾ മാറുന്നതിനനുസരിച്ച് ഇവയ്ക്ക് നിറം മാറാൻ സാധിക്കും.
പസഫിക് ട്രീ ഫോഗർ
അമേരിക്കയിൽ കാണപ്പെടുന്ന ഈ കുഞ്ഞൻ തവളകൾ പൊതുവെ പച്ച, കാപ്പി നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് പെട്ടെന്ന് ലൈറ്റ് ഷേഡിൽ നിന്നും ഡാർക്ക് ഷേഡിലേക്ക് നിറംമാറാൻ കഴിയും. പച്ച, തവിട്ട്, ചുവപ്പ്, ചാര, ക്രീം, കറുപ്പ് തുടങ്ങി പസഫിക് മരത്തവളകളെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. എന്നാൽ മിക്കതും ഇളം അല്ലെങ്കിൽ വെളുത്ത വയറുകളുള്ള പച്ചയോ തവിട്ടുനിറമോ ഉള്ളവയാണ്. ചുറ്റുപാടുകളുമായി നന്നായി പൊരുത്തപ്പെടുന്നതിനാൽ ഇവയ്ക്ക് കാലാനുസൃതമായി നിറം മാറ്റാൻ കഴിയും. അവയുടെ തൊലി ചെറിയ മുഴകളാൽ മൂടപ്പെട്ടിരിക്കുന്നു. ഇഴയുടെ ശരീരവുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് നീളമുള്ള കാലുകളാണുള്ളത്.
Content Highlight; Amazing Animals That Change Colour And Why They Do It