മേജർ ലീ​ഗ് ക്രിക്കറ്റ്; പ്ലേ ഓഫ് ചിത്രമായി, അവസാന മത്സരം പരാജയപ്പെട്ട് സാൻ ഫ്രാൻസിസ്കോ

ഇന്ന് നടന്ന മത്സരത്തിൽ ലോസ് ഏയ്ഞ്ചൽസിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ സാൻ ഫ്രാൻസിസ്കോയ്ക്ക് ആദ്യ ക്വാളിഫയർ കളിക്കാൻ കഴിയുമായിരുന്നു

മേജർ ലീ​ഗ് ക്രിക്കറ്റ്; പ്ലേ ഓഫ് ചിത്രമായി, അവസാന മത്സരം പരാജയപ്പെട്ട് സാൻ ഫ്രാൻസിസ്കോ
dot image

അമേരിക്കയിലെ മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ഇന്ന് പുലർച്ചെ നടന്ന അവസാന മത്സരത്തിൽ സാൻഫ്രാൻസിസ്കോ യുണികോൺസിനെ ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയതോടെയാണ് പ്ലേ ഓഫ് ചിത്രം തെളിഞ്ഞത്.

ആദ്യ ക്വാളിഫയറിൽ വാഷിങ്ടൺ ഫ്രീഡവും ടെക്സസ് സൂപ്പർ കിങ്സും നേർക്കുനേർ വരും. ജൂലൈ ഒമ്പതിനാണ് മത്സരം. എലിമിനേറ്ററിൽ സാൻഫ്രാൻസിസ്കോ യുണികോൺസും ന്യൂയോർക്ക് മുംബൈ ഇന്ത്യൻസുമാണ് ഏറ്റുമുട്ടുന്നത്. ജൂലൈ 10ന് എലിമിനേറ്റർ മത്സരം നടക്കും. ഇന്ന് നടന്ന മത്സരത്തിൽ ലോസ് ഏയ്ഞ്ചൽസിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ സാൻഫ്രാൻസിസ്കോയ്ക്ക് ആദ്യ ക്വാളിഫയർ കളിക്കാൻ കഴിയുമായിരുന്നു. നിർണായക മത്സരത്തിൽ 11 റൺസിന് സാൻഫ്രാൻസിസ്കോ പരാജയപ്പെട്ടു.

ലോസ് ഏയ്ഞ്ചൽസിനെതിരെ 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ സാൻഫ്രാൻസിസ്കോ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 19 ഓവറിൽ ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 243 എന്ന മികച്ച സ്കോറിലെത്തി. ടോപ് ഓഡറിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ലോസ് ഏയ്ഞ്ചൽസിനെ മികച്ച സ്കോറിലെത്തിച്ചത്.

ആദ്യ വിക്കറ്റിൽ ലോസ് ഏയ്ഞ്ചൽസ് ഓപണർമാരായ ആന്ദ്ര ഫ്ലെച്ചറും അലക്സ് ഹെയ്ൽസും 94 റൺസ് അടിച്ചെടുത്തു. രണ്ടാം വിക്കറ്റിൽ ആന്ദ്ര ഫ്ലെച്ചറും ഷെർഫെയ്ൻ റൂഥർഫോർഡും ചേർന്ന് കൂട്ടിച്ചേർത്തത് 97 റൺസാണ്. 58 പന്തിൽ 10 ഫോറും എട്ട് സിക്സറും സഹിതം 118 റൺസെടുത്ത ആന്ദ്ര ഫ്ലെച്ചർ, 26 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും സഹിതം 58 റൺസെടുത്ത അലക്സ് ഹെയ്ൽസ്, 28 പന്തിൽ നാല് ഫോറും മൂന്ന് സിക്സറും സഹിതം 49 റൺസെടുത്ത ഷെർഫെയ്ൻ റൂഥർഫോർഡ് എന്നിവരാണ് ലോസ് ഏയ്ഞ്ചൽസിനായി തകർത്തടിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസെന്ന നിലയിലായിരുന്നു സാൻഫ്രാൻസിസ്കോ. പിന്നീട് 40 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സറും സഹിതം 92 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയുടെ പോരാട്ടമാണ് സാൻഫ്രാൻസിസ്കോയ്ക്കായി മറുപടി പറഞ്ഞത്. ഹസൻ ഖാൻ 17 പന്തിൽ 35 റൺസും ഹമാദ് അസാം 27 പന്തിൽ 38 റൺസും സേവ്യർ ബാർലെറ്റ് 13 പന്തിൽ 27 റൺസും നേടി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താൻ സാൻഫ്രാൻസിസ്കോയ്ക്ക് സാധിച്ചില്ല.

Content Highlights: Major League Cricket playoffs fixture came out

dot image
To advertise here,contact us
dot image