
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിലെ സൂത്രധാരനായ ദി റസിഡന്റ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീനഗറിലെ പഠനത്തിന് ശേഷം ബെംഗളൂരുവില്‍ എംബിഎ പഠിക്കാനെത്തിയ ഇയാള്‍ പിന്നീട് കേരളത്തിലും പഠിക്കാനെത്തിയിരുന്നു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാനാണ് ഭീകരന്‍ കേരളത്തിലെത്തിയത്.
പിന്നീട് കശ്മീരില്‍ തിരിച്ചെത്തിയ ഇയാള്‍ ലാബ് ആരംഭിച്ചു. ഈ ലാബ് ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2002ല്‍ ഷെയ്ക് സജ്ജാദിനെ അഞ്ച് കിലോ ആര്‍ഡിഎക്‌സുമായി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനാണെത്തിയതെന്ന് കണ്ടെത്തുകയും പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2017ല്‍ ജയില്‍ മോചിതനായ ഷെയ്ക് സജ്ജാദ് പാകിസ്താനിലേക്ക് ചേക്കേറുകയും ഇയാളെ ഐഎസ്‌ഐ ടിഡിഎഫിന്റെ ചുമതലക്കാരനാക്കുകയും ചെയ്തു.
2020നും 2024നുമിടയില്‍ മധ്യ കശ്മീരിലും തെക്കന്‍ കശ്മീരിലും നടന്ന ഭീകരാക്രമണത്തിലെ സൂത്രധാരനാണ് ഇയാളെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ മധ്യ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണം, അനന്ത്‌നാഗിലെ ബിജ്‌ബെഹ്രയില്‍ വെച്ച് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം, ഗംഗീറിലെ ഗണ്ടര്‍ബലിലെ ഇസഡ്-മോര്‍ ടണല്‍ ആക്രമണം എന്നിവ ഇയാളുടെ നേതൃത്വത്തില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
2022ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഭീകരനാണ് ഷെയ്ക് സജ്ജാദ്. ഇയാളുടെ തലയ്ക്ക് 10ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്. നിലവില്‍ റാവില്‍പിണ്ടിയിലെ കന്റോണ്‍മെന്റ് ടൗണില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഷെയ്ക് സജ്ജാദ്. സജ്ജാദ് അഹമ്മദ് ഷെയ്ക് എന്നും ഷെയ്ക് സജ്ജാദ് അറിയപ്പെടുന്നുണ്ട്.
ഇയാളുടെ സഹോദരന്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ഡോക്ടറായിരുന്നെങ്കിലും ഭീകരവാദത്തിലേക്ക് കടക്കുകയായിരുന്നു. 1990കളില്‍ സൗദി അറേബ്യയിലേക്കും പാകിസ്താനിലേക്കും ചേക്കേറിയ ഇയാള്‍ നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലായനം ചെയ്തവരില്‍ നിന്ന് ഭീകരവാദത്തിനുള്ള ധനസഹായം സമാഹരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Content Highlights: The mastermind of the Pahalgam terror attack also studied in Kerala Who is Sheikh Sajjad Gul