
കോലാര്‍: കര്‍ണാടകയിൽ പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് മരിച്ചു. മുല്‍ബഗല്‍ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്കാണ്(21) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പതിനായിരം രൂപയുടെ പന്തയത്തിൻ്റെ ഭാഗമായാണ് കാര്‍ത്തിക് ഇത്രയും അളവില്‍ മദ്യം കുടിച്ചതെന്ന് പൊലീസ് പറഞ്ഞു. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്തായ വെങ്കട്ടറെഡ്ഡിയാണ് കാര്‍ത്തിക്കിനോട് പറഞ്ഞത്. പന്തയം ഏറ്റെടുത്ത കാര്‍ത്തിക് വെള്ളം ചേര്‍ക്കാതെ മദ്യം കുടിക്കുകയും ഇതിനുപിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
21-കാരനായ കാര്‍ത്തിക് ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ഒന്‍പതുദിവസം മുമ്പ് കാര്‍ത്തിക്കിനും ഭാര്യയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. സംഭവത്തില്‍ മുല്‍ബഗല്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Bet ten thousand rupees; In Karnataka, a young man died after drinking 5 bottles of liquor without adding water