മദ്യനയ അഴിമതിയില് കെജ്രിവാളിന്റെ മൊഴി: അന്വേഷണം കൂടുതല് എഎപി മന്ത്രിമാരിലേക്ക്

ഇഡി അറസ്റ്റ് ചെയ്ത ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൊഴിയിലാണ് ഇക്കാര്യമുള്ളത്

dot image

ന്യൂഡല്ഹി: ഡല്ഹി മദ്യനയ അഴിമതി കേസില് അന്വേഷണം കൂടുതല് ആംആദ്മി മന്ത്രിമാരിലേക്ക്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം അതിഷി മര്ലേനയിലേക്കും സൗരഭ് ഭരദ്വാജിലേക്കുമാണ് വ്യാപിപ്പിക്കുന്നത്. കേസിലെ പ്രതി വിജയ് നായര് റിപ്പോര്ട്ട് ചെയ്തിരുന്നത് അതിഷി, സൗരഭ് എന്നവരെയാണ്. ഇഡി അറസ്റ്റ് ചെയ്ത ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

അതേസമയം കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. ഡല്ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാതിരുന്നതോടെയാണ് ഉത്തരവ്. ജുഡീഷ്യല് കസ്റ്റഡിയില് വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയില് കസ്റ്റഡിയില് വേണ്ടി വരും. കെജ്രിവാള് അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിന്റെ പാസ്വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങള്ക്ക് തനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നല്കിയെന്നും ഇഡി കോടതിയില് പറഞ്ഞു. എഎപി മുന് കമ്മ്യൂണിക്കേഷന്സ് ഇന്ചാര്ജ് ആയ വിജയ് നായര് തന്റെയടുത്ത് അല്ല അതിഷിയുടെ അടുത്താണ് വിവരങ്ങള് റിപ്പോര്ട്ട് ചെയ്തത് എന്ന് കെജ്രിവാള് മൊഴി നല്കിയെന്നും ഇഡി പറഞ്ഞു.

കെജ്രിവാളിന് ജയിലില് പുസ്തകങ്ങള് എത്തിച്ചുനല്കണമെന്ന് കോടതി നിര്ദേശിച്ചു. മൂന്ന് പുസ്തകങ്ങള് കൈമാറാന് കെജ്രിവാള് അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടില് നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാന് തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്രിവാള് പ്രത്യേക അപേക്ഷ നല്കുകയായിരുന്നു.

മാര്ച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമന്സ് നല്കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില് എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റില്നിന്നു കെജ്രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡല്ഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകള്ക്കകമായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാര്ച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഡല്ഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടിയിരുന്നു. കസ്റ്റഡിയില് നിന്നാണ് കെജ്രിവാള് ഭരണം തുടരുന്നത്.

വിവിധ സര്ക്കാര് ഏജന്സികളുടെ കീഴിലായിരുന്ന മദ്യവില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാന് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് കൊണ്ടുവന്ന നയത്തില് അഴിമതിയുണ്ടെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2021 നവംബര് 17നാണ് ഈ നയം പ്രാബല്യത്തില് വന്നത്. ലൈസന്സ് അനുവദിച്ചതില് ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടര്ന്ന് ലഫ്. ഗവര്ണര് വി കെ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോര്ട്ട് നല്കിയതോടെ കേസ് രജിസ്റ്റര് ചെയ്തു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31നു മദ്യനയം പിന്വലിച്ചിരുന്നു.

കെജ്രിവാൾ തിഹാര് ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
dot image
To advertise here,contact us
dot image