ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ; യുഎഇ ആരാധകർക്കായി ആറ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

സെമിഫൈനലിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുഎഇ ഫൈനലിലേക്ക് മുന്നേറിയത്

ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ; യുഎഇ ആരാധകർക്കായി ആറ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു
dot image

ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ യുഎഇ ദേശീയ ടീമിനെ ഗാലറിയിലിരുന്ന് നേരിട്ട് പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി സർപ്രൈസ് പ്രഖ്യാപനവുമായി യുഎഇ ഫുട്ബോൾ അസോസിയേഷൻ. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആരാധകരെ സൗദി അറേബ്യയിലേക്ക് സൗജന്യമായി എത്തിക്കുന്നതിനായി ആറ് പ്രത്യേക വിമാന സർവീസുകളാണ് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബർ ആറ് ചൊവ്വാഴ്ച യുഎഇ സമയം രാത്രി 10 മണിക്കാണ് ​ഗൾഫ് കപ്പിന്റെ കലാശപ്പോര്. സൗദിയിലെ ജിദ്ദയിലുള്ള പ്രിൻസ് അബ്ദുള്ള അൽ-ഫൈസൽ സ്റ്റേഡിയം ഫൈനലിന് വേദിയാകും. സൗദി അറേബ്യയാണ് ഫൈനലിൽ യുഎഇയുടെ എതിരാളി. മത്സരത്തിന് നേരിട്ടെത്തി ടീമിന് ആവേശം പകരണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വിമാനങ്ങളിൽ സീറ്റ് ബുക്ക് ചെയ്യാനുള്ള പ്രത്യേക രജിസ്ട്രേഷൻ ലിങ്ക് യുഎഇ ഫുട്ബോൾ അസോസിയേഷൻ തുറന്നുകൊടുത്തു.

ശനിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനലിൽ ഒമാനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് യുഎഇ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റി അവസരം നഷ്ടമായെങ്കിലും കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഫോർവേഡ് ഉസ്മാൻ കമാറ നേടിയ മിന്നുന്ന ഹെഡർ ഗോളാണ് യുഎഇക്ക് വിജയം സമ്മാനിച്ചത്. 2018-ന് ശേഷം ആദ്യമായാണ് യുഎഇ ഗൾഫ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. 2007, 2013 വർഷങ്ങളിലെ കിരീടനേട്ടത്തിന് ശേഷം മൂന്നാമതൊരു ഗൾഫ് കപ്പ് കൂടി സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

മറുവശത്ത്, കരുത്തരായ ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (3-2) മറികടന്നാണ് ആതിഥേയരായ സൗദി അറേബ്യ ഫൈനലിലെത്തിയത്. യുഎഇ ഭരണകൂടം സൗജന്യ വിമാനങ്ങൾ പ്രഖ്യാപിച്ചതോടെ വലിയൊരു ആരാധകക്കൂട്ടം തന്നെ ജിദ്ദയിലേക്ക് തിരിക്കുമെന്നും സ്റ്റേഡിയത്തിൽ യുഎഇക്ക് വൻ പിന്തുണ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: UAE Football Association announces six special flights to take fans to Jeddah for the Gulf Cup final against Saudi Arabia on October 6.

dot image
To advertise here,contact us
dot image