ആര്എസ്എസ് അജണ്ടയാണ് തൃണമൂല് കോണ്ഗ്രസിനെ രഹസ്യമായി നയിക്കുന്നത്; മുഹമ്മദ് സലിം

തിരഞ്ഞെടുപ്പ് പോരാട്ടം വര്ഗീയവാദികളും കമ്മ്യൂണിസ്റ്റുകളും തമ്മിൽ

ആര്എസ്എസ് അജണ്ടയാണ് തൃണമൂല് കോണ്ഗ്രസിനെ രഹസ്യമായി നയിക്കുന്നത്; മുഹമ്മദ് സലിം
dot image

കൊൽക്കത്ത: തൃണമൂല് കോണ്ഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഐഎം ബംഗാള് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. ടിഎംസിയുടെ യഥാര്ത്ഥ നിറം ജനങ്ങള് മനസ്സിലാക്കിയിട്ടുണ്ടെന്നും ആര്എസ്എസ് അജണ്ടയാണ് തൃണമൂല് കോണ്ഗ്രസിനെ രഹസ്യമായി നയിക്കുന്നതെന്നുമായിരുന്നു മുഹമ്മദ് സലിമിന്റെ വിമര്ശനം. ദ ടെലഗ്രാഫിന് നല്കിയ അഭിമുഖത്തിലായിരുന്നു മുഹമ്മദ് സലിമിന്റെ പ്രതികരണം.

ബിജെപിയും ടിഎംസിയും തമ്മില് ഒരു നിശ്ശബ്ദ ധാരണയോ 'ക്രമീകരണമോ' ഉണ്ടെന്ന് ആളുകള് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസരിച്ച് അവര് പ്രചാരണം നടത്തുകയും ഭരണസംവിധാനം ഉപയോഗിക്കുകയും ചെയ്യും. ബിജെപിയും തൃണമൂല് കോണ്ഗ്രസും പരസ്പരം പോരടിക്കാന് പോകുന്നില്ല. തിരഞ്ഞെടുപ്പ് പോരാട്ടം വര്ഗീയവാദികളും കമ്മ്യൂണിസ്റ്റുകളും തമ്മിലാണ്. ബംഗാളില് തൃണമൂല് കോണ്ഗ്രസിനെതിരെ വലിയ ഭരണവിരുദ്ധതയുണ്ട്. നിയമന തട്ടിപ്പ്, റേഷന് തട്ടിപ്പ്, പൊതുപണം കൊള്ള തുടങ്ങിയ നിരവധി അഴിമതികള് ജനങ്ങള്ക്ക് മുമ്പിലുണ്ടെന്നും മുഹമ്മദ് സലിം വ്യക്തമാക്കി.

ഇന്ഡ്യ മുന്നണിയെക്കുറിച്ച് ആലോചിക്കുമ്പോള് തന്നെ മമതയുടെ ടിഎംസിയെക്കുറിച്ചും നിതിഷിന്റെ ജെഡിയുവിനെക്കുറിച്ചും ചില ആശങ്കകളുണ്ടായിരുന്നെന്നും മുഹമ്മദ് സലിം തുറന്നടിച്ചു. ദേശീയ തലത്തില് ചില പാര്ട്ടികള് കരുതിയത് മതേതരത്വമുള്ളതിനാല് മമത ബിജെപിക്കെതിരെ പോരാടുമെന്നാണ്. എന്നാല് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടികളെയും ദേശീയ തലത്തില് കോണ്ഗ്രസിനെയും തുരത്താനുള്ള ആര്എസ്എസ് അജണ്ടയില് നിന്നാണ് ടിഎംസി രൂപീകരിച്ചതെന്ന് ഞങ്ങള്ക്ക് ആദ്യം മുതല് ബോധ്യമുണ്ടായിരുന്നു. ഇടതുപക്ഷത്തെ പുറത്താക്കാന് 2009ല് കോണ്ഗ്രസുമായി ടിഎംസി അവസരവാദ സഖ്യമുണ്ടാക്കി. തിരിഞ്ഞുനോക്കിയാല് ടിഎംസി രൂപീകരണമാണ് കോണ്ഗ്രസിനെ തകര്ത്തത്. ബംഗാളിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാനും രാജ്യത്തെ കോണ്ഗ്രസ് മുക്തമാക്കാനും മമത എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് സലിം ആരോപിച്ചു.

ഇന്ഡ്യ സഖ്യം രൂപീകരിക്കുമ്പോള് ചില പാര്ട്ടികള്ക്ക് തുടക്കം മുതല് തന്നെ സ്വാര്ത്ഥ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് സിപിഐഎം പശ്ചിമബംഗാള് സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. അനന്തരവനെയും തൃണമൂല് കോണ്ഗ്രസിലെ അഴിമതിക്കാരായ നേതാക്കളെയും സംരക്ഷിക്കുകയായിരുന്നു മമതയുടെ ലക്ഷ്യമെന്ന് അറിയാമായിരുന്നുവെന്നും മുഹമ്മദ് സലിം ചൂണ്ടിക്കാണിച്ചു.

കോണ്ഗ്രസുമായുള്ള സഖ്യം തുടരുമെന്ന സൂചനയും മുഹമ്മദ് സലിം നല്കി. പഴയകാല ഇടതുപക്ഷ അനുഭാവികള് പരമ്പാഗത ശത്രുക്കളായിരുന്ന കോണ്ഗ്രസുമായുള്ള സഖ്യത്തെ അംഗീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു കോണ്ഗ്രസുമായി സഹകരണം തുടരുമെന്ന സൂചന സിപിഐഎം പശ്ചിമബംഗാള് സംസ്ഥാന സെക്രട്ടറി നല്കിയത്. 2016ല് ഞങ്ങള് ഒരുമിച്ച് പോരാടി. കേന്ദ്ര-സംസ്ഥാന ഭരണ സംവിധാനം ഞങ്ങള്ക്കെതിരെ പ്രവര്ത്തിച്ചിട്ടും ഫലം മോശമായില്ല. ഇതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളുടെ പിന്തുണക്കാരെ ബോധ്യപ്പെടുത്താന് ഞങ്ങള്ക്ക് കഴിഞ്ഞു. ഞങ്ങളുടെ ഇന്സാഫ് യാത്രയില് നിരാശരായ നിരവധി ടിഎംസി അനുഭാവികളും കോണ്ഗ്രസ് അനുഭാവികളും പങ്കെടുത്തു എന്നായിരുന്നു മുഹമ്മദ് സലിമിന്റെ മറുപടി.

dot image
To advertise here,contact us
dot image