പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം;  രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു
dot image

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസിൻ്റെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അടക്കമുള്ള കോൺഗ്രസ് എംപിമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാഫി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരവേദിയിൽ എത്തിയിട്ടുണ്ട്. കൈകൾ ചേർത്ത് കെട്ടിയാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്. സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്ക് ആവേശം പകർന്ന് സോണിയ ഗാന്ധിയും സമരമുഖത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിനിടെ മന്ത്രി പി സി വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എം പി അടക്കമുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നിന്ന് പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോൺ​ഗ്രസ് എം പിമാർ മാർച്ച് നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പിന്നീട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോൺ​ഗ്രസ് എം പിമാർ കുത്തിയിരിക്കുകയായിരുന്നു. നേരത്തെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിജെപി പ്രവർത്തകരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ് ഗുതുതരാവസ്ഥയിൽ അശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും രംഗത്ത് വരാത്തതിൽ ശക്തമായ വിമർശന ഉയർന്ന പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത സമരവുമായി കോൺഗ്രസ് രംഗത്ത് വന്നത്. ഡൽഹി പൊലീസിന് ഒരു സൂചന പോലും നൽകാതെയാണ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് മിന്നൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തിന് ശക്തമായ പിന്തുണ നൽകുന്ന നിലയിലേയ്ക്ക് കോൺഗ്രസിൻ്റെ പ്രതിഷേധം മാറുന്നുവെന്നാണ് വ്യക്തമാകുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിലായിരുന്നു സമരത്തിൽ ഉറച്ച് മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചത്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ പ്രഖ്യാപിച്ചിരുന്നു.. പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടതിന് പിന്നാലെ ജന്തര്‍മന്തറിലേക്ക് തിരിച്ചെത്തിയ സിജെപി പ്രതിഷേധക്കാര്‍ പുതിയ വേദി സ്ഥാപിക്കുകയും പ്രതിഷേധം തുടരുകയുമായിരുന്നു. 'ഞങ്ങള്‍ ഇനിയും മാര്‍ച്ച് ചെയ്യും. ഇവിടം വിടില്ല',എന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് സംബന്ധിച്ച ചോദ്യത്തോടുള്ള ദിപ്‌കെയുടെ പ്രതികരണം. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും അടുത്ത മാര്‍ച്ചിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയാണെന്നും. അടുത്ത നീക്കം സംബന്ധിച്ച് സിജെപി ഔദ്യോഗികമായി അറിയിക്കും എന്നും സിജെപി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ സമരം നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും അറിയിച്ചിരുന്നു.

സമരക്കാരുടെ പ്രതിനിധികള്‍ ഇന്നലെ കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ കത്ത് കൈമാറുകയും ചെയ്തിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് അറിയിച്ചാണ് സിജെപി പ്രതിനിധികള്‍ മടങ്ങിയത്.

Content Highlights: Congress leaders and workers staged a protest outside the Prime Minister's residence under the leadership of Rahul Gandhi, raising political demands and criticizing the central government.

dot image
To advertise here,contact us
dot image