'ഖാര്ഗെ പ്രവര്ത്തിക്കുന്നത് റിമോര്ട്ട് കണ്ട്രോളില്'; മധ്യപ്രദേശില് മോദി-ഖാര്ഗെ വാക്പോര്

എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സിബിഐ, ഇന്കം ടാക്സ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവര് പഞ്ചപാണ്ഡവന്മാരാണെന്ന് കഴിഞ്ഞ ദിവസം ഖാര്ഗെ വിമര്ശിച്ചിരുന്നു

dot image

ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ പ്രവര്ത്തിക്കുന്നത് റിമോര്ട്ട് കണ്ട്രോളിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധാമോയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരിഹാസം. തുടര്ച്ചയായ മൂന്നാം തവണയും കേന്ദ്രത്തില് ബിജെപിയെ അധികാരത്തിലെത്തിച്ചാല് രാജ്യത്തെ സമ്പദ്വ്യവസ്ഥ ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് മോദി വാഗ്ദാനം ചെയ്യുകയും ചെയ്തു.

'കോണ്ഗ്രസ് പാര്ട്ടിയെക്കുറിച്ച് കൂടുതല് ബോധവാന്മാരാകേണ്ട സമയമാണിത്. പാവപ്പെട്ടവന്റെ പണം തട്ടിയെടുത്ത പാര്ട്ടിയാണ് കോണ്ഗ്രസ്. അധികാരത്തിന് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്ന പാര്ട്ടി. സംസ്ഥാനത്തെ വികസനത്തിനോ രാജ്യത്തിന്റെ പുരോഗതിക്കോ അല്ല കോണ്ഗ്രസ് മുന്തൂക്കം നല്കുന്നത്.' മോദി പറഞ്ഞു.

കേദാര്നാഥില് കണ്ടുമുട്ടി രാഹുല് ഗാന്ധിയും വരുണ് ഗാന്ധിയും; രാഷ്ട്രീയവൃത്തങ്ങളില് ചര്ച്ച

'കോണ്ഗ്രസ് അധ്യക്ഷന് പരിമിതിയുണ്ട്. റിമോര്ട്ട് ചലിപ്പിക്കുമ്പോള് അദ്ദേഹം പണിയെടുക്കുന്നു. കഴിഞ്ഞ ദിവസം റിമോര്ട്ട് പ്രവര്ത്തിക്കാതിരുന്നപ്പോള്, ബിജെപിയില് അഞ്ച് പാണ്ഡവന്മാര് ഉണ്ടെന്നായിരുന്നു ഖാര്ഗെ പറഞ്ഞത്. പാണ്ഡവന്മാര് നയിച്ച വഴിയിലൂടെയാണ് ഞങ്ങള് പോകുന്നത് എന്ന് കേള്ക്കുന്നതില് അഭിമാനമാണ്.' മോദി വിമര്ശിച്ചു.

എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സിബിഐ, ഇന്കം ടാക്സ്, പ്രധാനമന്ത്രി നരേന്ദ്രമോദി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവര് പഞ്ചപാണ്ഡവന്മാരാണെന്ന് കഴിഞ്ഞ ദിവസം ഖാര്ഗെ വിമര്ശിച്ചിരുന്നു. എന്നാല് ഇവര് യഥാര്ത്ഥ പഞ്ചപാണ്ഡവന്മാരല്ല, പരാജയപ്പെടുത്തണം എന്നുമായിരുന്നു ഖാര്ഗെയുടെ വിമര്ശനം. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

ഛത്തീസ്ഗഢിലും രാജസ്ഥാനിലും ജനം കോണ്ഗ്രസിനെ അധികാരത്തിലെത്തിച്ചെങ്കിലും മുഖ്യമന്ത്രിമാര് ബെറ്റിംഗ് ആപ്പ് വഴി കള്ളപ്പണം സ്വരൂപിക്കുകയാണെന്നും മോദി പരിഹസിച്ചു. കര്ണാടകയിലും ഹിമാചല്പ്രദേശിലും കോണ്ഗ്രസ് വ്യാജ വാഗ്ദാനങ്ങള് നല്കി. മധ്യപ്രദേശിലെ യുവാക്കള് കോണ്ഗ്രസിനെ പിന്തുണക്കില്ലെന്ന് അവര്ക്ക് അറിയാമെന്നും മോദി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us