മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസ്താവനയേക്കാള്‍ വലുതല്ല;മധുസൂദനന്റെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് KK രാഗേഷ്

സി വി ധനരാജ് വധക്കേസ് വിധിയിലാണ് കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കുമെന്ന് ടി ഐ മദുസൂദന്‍ പറഞ്ഞത്

മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസ്താവനയേക്കാള്‍ വലുതല്ല;മധുസൂദനന്റെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് KK രാഗേഷ്
KK RAGESH
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസ്താവനയേക്കാള്‍ വലുതല്ല പകരത്തിന് പകരമെന്ന ടി ഐ മധുസൂദനന്റെ വാക്കുകളെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ടി ഐ മധുസൂദനന്‍ എംഎല്‍എയോ മുഖ്യമന്ത്രിയോ ഒന്നുമല്ല, മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയില്‍ ആര്‍ക്കും പ്രയാസമില്ല. എന്നാലിക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആവേശമാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

സി വി ധനരാജ് വധക്കേസ് വിധിയിലാണ് കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കുമെന്നാണ് മുന്‍ എംഎല്‍എ ടി ഐ മദുസൂദന്‍ കൊലവിളി പ്രസംഗം നടത്തിയത്. ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓര്‍മിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയില്‍ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നടത്തിയത്. പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പരിപാടിയില്‍ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗം.

c v dhanaraj
സി വി ധനരാജ്

കേസില്‍ വിധി പറഞ്ഞ ജഡ്ജിയെയും ടി ഐ മധുസൂദനന്‍ വിമര്‍ശിച്ചിരുന്നു. ജഡ്ജി തണുപ്പില്‍ ഇരുന്ന് കവിതകള്‍ ഉദ്ധരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇങ്ങനെ തടവും ശിക്ഷയും കൊടുത്ത് ഇല്ലാതാക്കാം എന്ന് വിചാരിച്ച് സങ്കല്‍പ്പ തോണിയില്‍ സഞ്ചരിക്കാം. ഭരണകൂട താല്‍പ്പര്യത്തിന് വേണ്ടി ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിതാഴ്ത്തുക എന്ന നയംതന്നെയാണ് ഈ ഭരണകൂടത്തിന്റെ ഭാഗായ ജുഡീഷ്യറിയും നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് കോടതി പറയാത്തത് ഭാഗ്യമെന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു. സിപിഐഎം എഴുതി കൊടുത്തിട്ടാണോ ഇന്ന പ്രതികള്‍ ശിക്ഷിക്കണമെന്ന് ജഡ്ജി നിശ്ചയിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

'ധനരാജിന്റെ അയല്‍വാസിയായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ് കേസിലെ ഒന്നാം സാക്ഷി. അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയായത് ധനരാജ് കൊല്ലപ്പെട്ടതിന് ശേഷമാണ്. അദ്ദേഹം പറഞ്ഞതൊന്നും കോടതിക്ക് ബോധ്യമില്ല. അദ്ദേഹം സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഈ രാഷ്ട്രീയത്തിന്റെ മുഖ്യവക്താവാണ്. അതുകൊണ്ട് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. നിങ്ങള്‍ അംഗീകരിക്കണ്ട. ഈ കോടതികളും ഞങ്ങളെ പരിഹസിക്കുന്നവരും ആലോചിക്കേണ്ട കാര്യമുണ്ട്. അഞ്ചുപേരെ ചുട്ടുകൊന്നിട്ടുള്ള ചീമേനിയിലെ സംഭവത്തില്‍ ഒരു കോടതിയും ഒരാളെയും ശിക്ഷിച്ചിട്ടില്ല എന്നകാര്യം. പക്ഷെ അവരാരും ഇന്ന് ജീവിനോടെയില്ല എന്ന കാര്യം ഈ ഭരണകൂടം ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഞങ്ങളാരും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തീര്‍ക്കും. അതിലൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരു മടിയുമില്ലെ'ന്നും ടി ഐ മധുസൂദനന്‍ വെല്ലുവിളിച്ചു.

മുഖ്യമന്ത്രിയുടെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു. കണ്ണൂരിലെ മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസംഗത്തില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. പ്രസംഗം കേട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പ്രകോപനം സൃഷ്ടിക്കുകയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 'കഴിഞ്ഞ പത്തുവര്‍ഷം യൂത്ത് കോണ്‍ഗ്രസുകാര്‍ ഒഴുക്കിയ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇത് ഭരണഘടനാ ലംഘനമാണെന്ന് വ്യാപകമായ വിമര്‍ശം ഉയര്‍ന്നിരുന്നു. മന്ത്രി ഒ ജെ ജനീഷ് നയിച്ച 'ജന്‍ ഇന്ത്യ മൂവ്മെന്റ്' പദയാത്രയുടെ സമാപന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Content Highlights: CPI(M) Kannur district secretary KK Ragesh downplays T I Madhusoodanan’s controversial remarks and demands legal action over Chief Minister V D satheeshan’s “blood for blood” statement, intensifying the political row in Kerala

dot image
To advertise here,contact us
dot image