യുഎഇ ദേശീയദിനം; വാഹനം ഓടിക്കുന്നവർക്കും പൊതുജനങ്ങൾക്കും കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി പൊലീസ്

നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പട്രോളിംഗും ആധുനിക നിരീക്ഷണ സംവിധാനങ്ങളും സജ്ജമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി

യുഎഇ ദേശീയദിനം; വാഹനം ഓടിക്കുന്നവർക്കും പൊതുജനങ്ങൾക്കും കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി പൊലീസ്
uae
dot image

യുഎഇയുടെ 55-ാം ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, സുരക്ഷിതവും മാന്യവുമായ ആഘോഷങ്ങൾ ഉറപ്പാക്കാൻ രാജ്യത്തെ വിവിധ പൊലീസ് വിഭാഗങ്ങൾ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് വാഹനമോടിക്കുന്നവർക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആഘോഷവേളകളിൽ നിയമങ്ങൾ ലംഘിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുമെന്നും നഗരങ്ങളുടെ ഭംഗി നശിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും സ്കൂളുകൾക്കും വാരാന്ത്യത്തോട് ചേർന്നോ അടുത്തോ രണ്ട് മുതൽ മൂന്ന് ദിവസം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ജീവനക്കാർക്ക് ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ആകെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. പല സ്വകാര്യ കമ്പനികളും ഇതേ രീതിയിൽ അവധി നൽകുമ്പോൾ, ചില സ്ഥാപനങ്ങൾ ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ അവധിയാണ് അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ച രാജ്യത്തെ നിരത്തുകളിൽ വലിയ തിരക്കും ആഘോഷങ്ങളും പ്രതീക്ഷിക്കാം.

വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. മറ്റ് ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം. വാഹനങ്ങളുടെ ജനാലകളിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് തലയിടുകയോ വാഹനത്തിന് മുകളിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്.

ആഘോഷങ്ങൾക്കിടെ സ്പ്രേ ഉപയോഗിക്കുന്നതും നിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ പൂർണ്ണ ശ്രദ്ധ റോഡിലായിരിക്കണം. വാഹനറാലികൾ സംഘടിപ്പിക്കുന്നതും പെട്ടെന്നുള്ള വാഹനക്കൂട്ടങ്ങളും ഒഴിവാക്കണം. ഗതാഗത തടസ്സം ഉണ്ടാക്കുകയോ റോഡുകൾ തടയുകയോ ചെയ്യരുത്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നതോ നിറം മാറ്റുന്നതോ അനുവദനീയമല്ല. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് ഒഴിവാക്കണം. ദേശീയ പതാക, സ്റ്റിക്കറുകൾ, ചിഹ്നങ്ങൾ, ഷാളുകൾ എന്നിവ മാന്യമായി ഉപയോഗിക്കണം. അനധികൃത സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഒട്ടിക്കുന്നത് നിയമവിരുദ്ധമാണ്. അഭ്യാസപ്രകടനങ്ങൾ നടത്തരുത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനത്തിന്റെ ചില്ലുകളിൽ സ്റ്റിക്കറുകളോ അലങ്കാരങ്ങളോ ഒട്ടിക്കാനും പാടില്ല.

നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പട്രോളിംഗും ആധുനിക നിരീക്ഷണ സംവിധാനങ്ങളും സജ്ജമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിബന്ധനകൾ പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സാധ്യതയുണ്ട്.

ദേശീയ പതാകയുടെ നിറങ്ങളിലുള്ള വർണ്ണാഭമായ അലങ്കാരങ്ങളും പരമ്പരാഗത സംഗീതവും ഭക്ഷണവുമൊക്കെയായി സ്വദേശികളും പ്രവാസികളും ഒരുപോലെ ആഘോഷങ്ങളിൽ പങ്കുചേരും. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് വിഭാഗങ്ങൾ സജ്ജമാണെങ്കിലും എല്ലാവരും ഉത്തരവാദിത്തത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Ahead of the UAE's 55th Eid Al Etihad celebrations on December 2, the Ministry of Interior has issued 13 safety guidelines for motorists and the public. The instructions cover vehicle decorations, traffic regulations, unauthorised parades, road blockages, spray cans, loud music and appropriate clothing. Authorities have urged residents to celebrate responsibly, follow police instructions and avoid behaviour that could endanger other road users.

dot image
To advertise here,contact us
dot image