

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു കുറ്റപത്രം മാത്രം നല്‍കിയതിന് എസ്ഐടിക്ക് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. എല്ലാം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചെയ്യുന്നതെങ്കില്‍ എന്തിനാണ് പൊലീസ് സംവിധാനമെന്ന് ഹൈക്കോടതി ചോദിച്ചു. ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറ്റ് കേസുകളിലും അന്തിമ റിപ്പോര്‍ട്ട് നല്‍കണം. എസ്പി എസ് ശശിധരന്‍ നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ആണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ അന്ത്യശാസനം.
എട്ട് കേസുകളില്‍ ഉടന്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഇല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ് ശശിധരന്‍ നേരിട്ട് ഹാജരാകണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിര്‍ദ്ദേശം പാലിക്കാതെ ഒരു കേസില്‍ മാത്രം കുറ്റപത്രം നല്‍കിയതിനാണ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ നേരിട്ട് ഹാജരായി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം.
എന്തുകൊണ്ടാണ് ഉത്തരവ് പാലിക്കാതെ വീഴ്ച വരുത്തിയതെന്നും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റ് കേസുകളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. എല്ലാം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചെയ്യുന്നതെങ്കില്‍ എന്തിനാണ് പൊലീസ് സംവിധാനം. ആഭ്യന്തര - വിജിലന്‍സ് വകുപ്പുകള്‍ എന്താണ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ സ്വാധീനമുള്ളവരെങ്കില്‍ നടപടികള്‍ക്ക് കോടതി നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ഒരു പങ്കുമില്ലാത്ത പാവപ്പെട്ടവരെപ്പോലും കസ്റ്റഡിയിലെടുക്കും. എസ്ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു. എസ്ഐടിയുടെ വീഴ്ച അംഗീകരിക്കാനാവില്ല. വീഴ്ച ഗൗരവതരമാണ്. രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടും പാലിച്ചില്ല. അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്ന് വരുത്തിതീര്‍ക്കാന്‍ എസ്ഐടി ശ്രമിച്ചു. അതിന് വേണ്ടി മാത്രം ഒരു കുറ്റപത്രം എസ്ഐടി കോടതിയില്‍ നല്‍കിയെന്നുമാണ് എസ്ഐടിയുടെ കംപ്ലൈന്‍സ് റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി ഉയര്‍ത്തിയ വിമര്‍ശനം.
Content Highlights: The Kerala High Court strongly criticised the Special Investigation Team for filing only one chargesheet in the microfinance fraud case involving SNDP Yogam general secretary Vellappally Natesan