

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള പുരാതന പള്ളികളായ കോതമംഗലം, മണര്‍കാട് പള്ളികളില്‍ അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവ കയറിയ നടപടി വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയില്‍ സംസാരിക്കവേയാണ് അദ്ദേഹം പാത്രിയര്‍ക്കീസ് ബാവയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നത്. സഭയുടെ ഉടമസ്ഥതയിലുള്ള പുരാതന പള്ളികളില്‍ അവകാശമില്ലാത്തവര്‍ അനധികൃതമായി പ്രവേശിക്കുന്നത് കവര്‍ച്ചക്കാരുടെ രീതിയാണെന്നും അതിന് ആര്‍ക്കും അധികാരമില്ലെന്നും കാതോലിക്കാ ബാവ കുറ്റപ്പെടുത്തി. ഈ പള്ളികളില്‍ പ്രവേശിക്കാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന മെത്രാപ്പോലീത്തായ്ക്ക് മാത്രമാണ് സര്‍വ അധികാരമുള്ളതെന്നും മറ്റാര്‍ക്കും അതിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി കവര്‍ച്ച നടത്തി സഭാസ്വത്തുക്കള്‍ കൈക്കലാക്കാനുള്ള നീക്കങ്ങള്‍ മലങ്കര സഭ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും, നീതി നടപ്പാക്കാന്‍ സഭ ഏതറ്റം വരെയും പോകുമെന്നും ബാവ മുന്നറിയിപ്പ് നല്കി. ഇത്തരം നിയമവിരുദ്ധമായ കൈയേറ്റങ്ങള്‍ക്ക് ഏത് സര്‍ക്കാര്‍ ഒത്താശ ചെയ്താലും സഭ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അത്തരം ഒത്താശകള്‍ക്ക് പുറകെ നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കടനാട് ഭദ്രാസനത്തിലെ ആട്ടിന്‍കുന്ന് പള്ളിയില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ സര്‍ക്കാരിനും ഒരു മന്ത്രിയ്ക്കുമെതിരെ കാതോലിക്കാ ബാവാ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഈ ഗവണ്മെന്റിലെ തന്നെ ഒരു മന്ത്രിയുടെ ഇടവകപ്പള്ളിയായ ആട്ടിന്‍കുന്ന് പള്ളിയില്‍ സഭ കൈവശം വെച്ചിരുന്ന റബര്‍ മരങ്ങള്‍ മറുവിഭാഗം വെട്ടിനശിപ്പിച്ചത് മന്ത്രിയുടെ ഒത്താശയോടെയാണെന്ന് ബാവ ആരോപിച്ചു. മരങ്ങള്‍ വാളുകൊണ്ടും മഴുകൊണ്ടും വെട്ടി പട്ടകള് ചീന്തി നശിപ്പിച്ച ഇത്തരം കിരാതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അര്‍ഹതയില്ലാത്തിടത്ത് പാത്രിയര്‍ക്കീസ് ബാവ അതിക്രമിച്ചു കയറിയതുപോലെ തന്നെയാണ് ആട്ടിന്‍കുന്ന് പള്ളിയിലും അക്രമം അരങ്ങേറിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ജനാധിപത്യപരമായ രാജ്യത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ കോടതിയെ സമീപിച്ച് നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ നിയമങ്ങളും കോടതിവിധികളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും, പാത്രിയര്‍ക്കീസ് ബാവയോ മറുവിഭാഗത്തിലെ മെത്രാന്മാരോ അത്തരം രാജ്യദ്രോഹികളായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ആനപ്പാപ്പി മുതല്‍ അഞ്ചോളം സഭാംഗങ്ങള്‍ രക്തസാക്ഷികളായി കൊല്ലപ്പെട്ടപ്പോഴും മലങ്കര സഭ പകരം അക്രമങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ലെന്നും എപ്പോഴും സമാധാനപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാംഗങ്ങള്‍ യാതൊരു കാരണവശാലും അക്രമത്തിനോ അടിപിടിക്കോ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Malankara Orthodox Syrian Church Catholicos Baselios Marthoma Mathews III has strongly criticised the Antioch Patriarch's visits to the Manarcad and Kothamangalam churches, describing the alleged unauthorised entry as a serious violation of church rights. He asserted that only the Malankara Metropolitan, the Catholicos and bishops authorised by them have the right to enter these churches. The Catholicos also accused a minister of supporting the destruction of rubber trees at Aattinkunnu Church and warned against attempts to take over church properties unlawfully. He urged both factions to respect court verdicts and maintain peace, reiterating that the Malankara Church would not tolerate violence or illegal encroachment.