'VEHല്‍ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും പ്രതിസന്ധിയില്ല, ആവശ്യമില്ലാത്ത കരാറെന്ന് വ്യക്തം, അഴിമതിയുടെ തെളിവ്'

വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് വസ്തുതാ വിരുദ്ധമായ പരാമർശങ്ങളെന്ന് കെഎസ്ഇബി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജി സുരേഷ് കുമാര്‍

'VEHല്‍ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും  പ്രതിസന്ധിയില്ല, ആവശ്യമില്ലാത്ത കരാറെന്ന് വ്യക്തം, അഴിമതിയുടെ തെളിവ്'
dot image

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ കമ്പനിയുമായുള്ള കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് വസ്തുതാ വിരുദ്ധമായ പരാമർശങ്ങളെന്ന് കെഎസ്ഇബി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജി സുരേഷ് കുമാര്‍. വിഇഎച്ചില്‍ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും കേരളത്തില്‍ ഒരു പ്രതിസന്ധിയും ഉണ്ടായില്ല എന്നതിനര്‍ത്ഥം ആ കരാര്‍ ആവശ്യമില്ലായിരുന്നു എന്നു തന്നെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇത് അഴിമതിയുടെ മറ്റൊരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി വിളിച്ച ടെണ്ടറുകളില്‍ ആരും ക്വാട്ട് ചെയ്തില്ലെന്നതും പീക്ക് സമയത്ത് വിഇഎച്ചില്‍ നിന്ന് കിട്ടിയ പതിനൊന്ന് രൂപയില്‍ കുറഞ്ഞ ഓഫറൊന്നും ഉണ്ടായിരുന്നില്ലെന്ന വാദവും ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുമാറിന്റെ വിമര്‍ശനം.

ഇക്കഴിഞ്ഞ സെപ്തംബറില്‍ കെഎസ്ഇബി വിളിച്ച രണ്ട് ടെണ്ടറുകളില്‍ പത്താം തീയതി തുറന്ന ടെണ്ടറില്‍ ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ടെണ്ടര്‍ ക്ഷണിച്ചിരുന്നില്ല. അടുത്ത ടെണ്ടര്‍ തുറന്നത് സെപ്തംബര്‍ 25നാണ്. അതിന് മുമ്പ് തന്നെ വിഇഎച്ച് കരാര്‍ വച്ച് കഴിഞ്ഞിരുന്നു. അതായത് പീക്ക് സമയത്തേക്ക് വിളിച്ച ടെണ്ടറില്‍ ആരും ക്വാട്ട് ചെയ്യാത്തതിനാലാണ് വിഇഎച്ചുമായി ടെണ്ടര്‍ വെച്ചത് എന്ന വാദം നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

സ്വാപ്പ് അടിസ്ഥാനത്തില്‍ വെച്ച കരാര്‍ പ്രകാരം ജൂണ്‍ മുതല്‍ മടക്കി നല്‍കിക്കൊണ്ടിരുന്ന 300 മെഗാവാട്ട് വൈദ്യുതി സെപ്തംബറില്‍ കാലാവധി കഴിയുന്നുണ്ടായിരുന്നു. ഈ 300 മെഗാവാട്ട് വൈദ്യുതി ഒക്ടോബര്‍ മുതല്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ കിട്ടുകയും ചെയ്തു. അതിനാല്‍ ഒക്ടോബറില്‍ പീക്ക് സമയത്ത് ഒരു വൈദ്യുതി ക്ഷാമവും ഉണ്ടായിരുന്നില്ല. അതായത് വി.ഇ.എച്ചില്‍ നിന്നോ ഹിമാചലില്‍ നിന്നോ വലിയ വിലക്ക് കരാര്‍ വെക്കേണ്ട യാതൊരു ആവശ്യവും ആ സമയത്ത് കേരളത്തിനുണ്ടായിരുന്നില്ലെന്നും കണക്കുകള്‍ നിരത്തി സുരേഷ് കുമാര്‍ പറയുന്നു.


ആകെ 396 കോടിയുടെ കച്ചവടം നടക്കുമെന്നും 4 രൂപയുടെ വൈദ്യുതിക്ക് 11 രൂപ വെച്ച് അടിച്ചു മാറ്റുമ്പോള്‍ 252 കോടി തടയുമെന്നും പ്രതീക്ഷിച്ചിടത്ത് 5 കോടിയില്‍ താഴെ രൂപയുടെ കച്ചവടമേ നടന്നുള്ളൂ എന്ന സങ്കടം മുഖ്യമന്ത്രിയുടെ മുഖത്ത് വ്യക്തമായിരുന്നു. പ്രതീക്ഷിച്ച വെട്ടിപ്പ് നടന്നില്ല എന്നതുകൊണ്ട് അഴിമതിയുടെ വ്യാപ്തിയോ ഗൗരവമോ കുറയുന്നില്ലെന്ന് വക്കീലു കൂടിയായ മുഖ്യമന്ത്രിക്ക് അറിയാത്തതാകുമോയെന്നും കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഡല്‍ഹിയിലായതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടായില്ല. പതിവു ശൈലി. തികച്ചും വസ്തുതാ വിരുദ്ധ ന്യായീകരണങ്ങള്‍ തന്നെ. വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് രണ്ടു കാര്യങ്ങള്‍ പറഞ്ഞാണ്. അതില്‍ ഒന്നാമത്തേത് കെഎസ്ഇബി വിളിച്ച ടെണ്ടറുകളില്‍ ആരും ക്വാട്ട് ചെയ്തില്ല എന്നാണ്. രണ്ടാമത്തേത് പീക്ക് സമയത്ത് വിഇഎച്ചില്‍ നിന്ന് കിട്ടിയ പതിനൊന്ന് രൂപയില്‍ കുറഞ്ഞ ഓഫറൊന്നും ഉണ്ടായിരുന്നില്ല എന്നും. ഈ രണ്ടു വാദങ്ങളും വസ്തുതാ വിരുദ്ധമാണ്. KSEB സെപ്തംബറില്‍ ആകെ രണ്ട് ടെണ്ടറാണ് വിളിച്ചത്. അതില്‍ 10-09-2026 ല്‍ തുറന്ന ടെണ്ടറില്‍ ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ടെണ്ടര്‍ ക്ഷണിച്ചിരുന്നില്ല. അടുത്ത ടെണ്ടര്‍ തുറന്നത് സെപ്തംബര്‍ 25 ന് മാത്രം. അതിന് മുന്‍പ് തന്നെ വി.ഇ.എച്ച്. കരാര്‍ വച്ചു കഴിഞ്ഞിരുന്നു. അതായത് പീക്ക് സമയത്തേക്ക് വിളിച്ച ടെണ്ടറില്‍ ആരും ക്വാട്ട് ചെയ്യാത്തതിനാലാണ് വിഇഎച്ചുമായി ടെണ്ടര്‍ വെച്ചത് എന്ന വാദം നില നില്‍ക്കുന്നില്ല.

ഒക്ടോബറിലെ പീക്ക് സമയത്തേക്ക് വൈദ്യുതി ഇല്ലാത്തതിനാലാണോ വി.ഇ.എച്ചുമായി കരാര്‍ വെച്ചത് എന്നതാണല്ലോ അടുത്ത പ്രശ്‌നം. നേരത്തെ പറഞ്ഞ സെപ്റ്റമ്പര്‍ 10 ന്റെ ടെണ്ടറിന് മുമ്പു തന്നെ ഒക്ടോബര്‍ മാസത്തെ പീക്ക് സമയത്തേക്ക് 788 MW വൈദ്യുതിക്കുള്ള കരാര്‍ കെ.എസ്.ഇ.ബി. വെച്ചു കഴിഞ്ഞിരുന്നു. ടെണ്ടര്‍ മുഖാന്തിരം തന്നെയാണ് ഈ കരാറുകള്‍ വെച്ചത്. 8.89 മുതല്‍ 9.99 രൂപ വരെ വിലക്കാണ് ഈ കരാറുകള്‍ വെച്ചത്. അതൊന്നും ആരും ചോദ്യം ചെയ്തിട്ടുമില്ല. ഇതു മാത്രമല്ല. സ്വാപ്പ് അടിസ്ഥാനത്തില്‍ വെച്ച കരാര്‍ പ്രകാരം ജൂണ്‍ മുതല്‍ മടക്കി നല്‍കിക്കൊണ്ടിരുന്ന 300 മെഗാവാട്ട് വൈദ്യുതി സെപ്തംബറില്‍ കാലാവധി കഴിയുന്നുണ്ടായിരുന്നു. ഈ 300 മെഗാവാട്ട് വൈദ്യുതി ഒക്ടോബര്‍ മുതല്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കാന്‍ കിട്ടുകയും ചെയ്തു. അതിനാല്‍ ഒക്ടോബറില്‍ പീക്ക് സമയത്ത് ഒരു വൈദ്യുതി ക്ഷാമവും ഉണ്ടായിരുന്നില്ല. അതായത് വി.ഇ.എച്ചില്‍ നിന്നോ ഹിമാചലില്‍ നിന്നോ വലിയ വിലക്ക് കരാര്‍ വെക്കേണ്ട യാതൊരു ആവശ്യവും ആ സമയത്ത് കേരളത്തിനുണ്ടായിരുന്നില്ല.

വി.ഇ.എച്ചില്‍ നിന്നും ഒരു മാസം 200 MW പ്രതീക്ഷിച്ച വൈദ്യുതി ആകെ 17 ദിവസം മാത്രമാണ് കിട്ടിയത്. അതും പലപ്പോഴും 30 MW മാത്രം. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിക്കുന്നു. ആകെ 5 കോടിയില്‍ താഴെ മാത്രം തുകയല്ലേ കൊടുത്തുള്ളൂ എന്നും അതില്‍ നിന്നും എങ്ങിനെ 252 കോടി അഴിമതി എന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത് ?

ആകെ 396 കോടിയുടെ കച്ചവടം നടക്കുമെന്നും 4 രൂപയുടെ വൈദ്യുതിക്ക് 11 രൂപ വെച്ച് അടിച്ചു മാറ്റുമ്പോള്‍ 252 കോടി തടയുമെന്നും പ്രതീക്ഷിച്ചിടത്ത് 5 കോടിയില്‍ താഴെ രൂപയുടെ കച്ചവടമേ നടന്നുള്ളൂ എന്ന സങ്കടം ആ മുഖത്ത് വ്യക്തമായിരുന്നു. പ്രതീക്ഷിച്ച വെട്ടിപ്പ് നടന്നില്ല എന്നതുകൊണ്ട് അഴിമതിയുടെ വ്യാപ്തിയോ ഗൗരവമോ കുറയുന്നില്ലെന്ന് വക്കീലു കൂടിയായ മുഖ്യമന്ത്രിക്ക് അറിയാത്തതാകുമോ?

പക്ഷേ ഇതോടൊപ്പം ഒരു കാര്യം കൂടി കാണണം. വി.ഇ.എച്ചില്‍ നിന്ന് വൈദ്യുതി കിട്ടാഞ്ഞിട്ടും കേരളത്തില്‍ ഒരു പ്രതിസന്ധിയും ഉണ്ടായില്ല. എന്താണ് ഇതിനര്‍ത്ഥം, ആ കരാര്‍ ആവശ്യമില്ലായിരുന്നു എന്നു തന്നെ. അതാകട്ടെ അഴിമതിക്ക് മറ്റൊരു തെളിവുമാകുന്നു.

അപ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. ഈ കരാറൊക്കെ ആരെ കെട്ടിക്കാനായിരുന്നു

Content Highlights: Former KSEB Executive Engineer M G Suresh Kumar has challenged Chief Minister V D Satheesan's defence of the VEH electricity contract. He argued that Kerala faced no power crisis despite not receiving electricity through the agreement, describing the contract as unnecessary and alleging corruption

dot image
To advertise here,contact us
dot image