ദുബായ് മറീനയിൽ നിന്നും DXBയിലേക്ക് ഇനി വെറും 10 മിനിറ്റ് ; പുതിയ വെർട്ടിപോർട്ടിന് അം​ഗീകാരം

ലോകത്തിലെ ആദ്യത്തെ സ്ഥിരം ഇലക്ട്രിക് എയർ ടാക്സി റൂട്ടിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ദുബായ് ഒരുക്കുന്നതെന്ന് ആർടിഎയും സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചറും അറിയിച്ചു

ദുബായ് മറീനയിൽ നിന്നും DXBയിലേക്ക് ഇനി വെറും 10 മിനിറ്റ് ; പുതിയ വെർട്ടിപോർട്ടിന് അം​ഗീകാരം
dot image

ദുബായ് മറീനയിൽ എയർ ടാക്സികൾക്കായുള്ള വെർട്ടിപോർട്ട് നിർമാണം പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കേഷൻ ലഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള വെർട്ടിപോർട്ടിന് പിന്നാലെ സർട്ടിഫിക്കേഷൻ ലഭിക്കുന്ന രണ്ടാമത്തെ കേന്ദ്രമാണിത്. അമേരിക്കൻ യൂണിവേഴ്‌സിറ്റി ഇൻ ദുബായിക്ക് സമീപമാണ് പുതിയ കേന്ദ്രം.

ദുബായ് മറീനയിൽനിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തേക്കുള്ള എയർ ടാക്സി യാത്രയ്ക്ക് പത്ത് മിനിറ്റിൽ താഴെ മാത്രമേ വേണ്ടിവരൂ എന്നാണ് പ്രതീക്ഷ. റോഡ് മാർഗം ഇതേ യാത്രയ്ക്ക് ഏകദേശം 35 മിനിറ്റ് വേണ്ടിവരും. ജോബി ഏവിയേഷനാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ശേഷിക്കുന്ന അനുമതികൾ ലഭിക്കുകയും സർവീസ് നടത്താൻ കമ്പനി സജ്ജമാകുകയും ചെയ്താൽ വാണിജ്യ സർവീസുകൾ ആരംഭിക്കാം. ലോകത്തിലെ ആദ്യത്തെ സ്ഥിരം ഇലക്ട്രിക് എയർ ടാക്സി റൂട്ടിനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ദുബായ് ഒരുക്കുന്നതെന്ന് ആർടിഎയും സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചറും അറിയിച്ചു. മറീന, വിമാനത്താവളം എന്നിവിടങ്ങളിലെ വെർട്ടിപോർട്ടുകൾ തമ്മിലായിരിക്കും ആദ്യ സർവീസ്.

അമേരിക്കൻ യൂണിവേഴ്‌സിറ്റി ഇൻ ദുബായിക്ക് സമീപമാണ് വെർട്ടിപോർട്ട്. അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽനിന്ന് നടന്നെത്താവുന്ന ദൂരത്താണ് ഇത്. ദുബായ് മറീന, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള യാത്രയും ഇതിലൂടെ എളുപ്പമാകും. വിമാനങ്ങൾ പറന്നുയരുന്നതിനും ഇറങ്ങുന്നതിനുമായി ഉയർത്തിയ ഒരു ലാൻഡിങ് പാഡും ചാർജിങ് സൗകര്യവും യാത്രക്കാർക്കായുള്ള ടെർമിനലും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം 21,000 വിമാന ലാൻഡിങ്ങുകളും 84,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ കേന്ദ്രത്തിന് ശേഷിയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദുബായ് ഡൗൺടൗണിലും പാം ജുമൈറയിലും രണ്ട് വെർട്ടിപോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവ കൂടി പൂർത്തിയാകുന്നതോടെ വിമാനത്താവളം, മറീന, ഡൗൺടൗൺ, പാം ജുമൈറ എന്നിവ ഉൾപ്പെടുന്ന നാല് കേന്ദ്രങ്ങളുള്ള ആദ്യഘട്ട ശൃംഖല സജ്ജമാകും. ആർടിഎയുടെ ഓട്ടോണമസ് ട്രാൻസ്‌പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി ചെയർമാൻ അഹമ്മദ് ബഹ്റോസ്യാൻ പറയുന്നതനുസരിച്ച്, നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾക്കിടയിൽ യാത്രക്കാർക്ക് പുതിയൊരു ഗതാഗത മാർഗം ഒരുക്കുകയാണ് ലക്ഷ്യം. നിലവിലെ പൊതുഗതാഗത സംവിധാനത്തിന് പൂരകമായി എയർ ടാക്സി സേവനം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ജൂൺ മുതൽ ദുബായിൽ ജോബി ഏവിയേഷൻ പൈലറ്റോടുകൂടിയ ഇലക്ട്രിക് എയർ ടാക്സി പരീക്ഷണപ്പറക്കലുകൾ നടത്തുന്നുണ്ട്. അതേ വർഷം നവംബറിൽ മാർഗം ടെസ്റ്റ് കേന്ദ്രത്തിൽനിന്ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് യുഎഇയിലെ ആദ്യ പോയിന്റ് ടു പോയിന്റ് എയർ ടാക്സി പരീക്ഷണയാത്രയും പൂർത്തിയാക്കിയിരുന്നു.

മണിക്കൂറിൽ ഏകദേശം 320 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ ജോബിയുടെ വിമാനങ്ങൾക്ക് ശേഷിയുണ്ട്. രണ്ട് വെർട്ടിപോർട്ടുകളിലും വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കമ്പനി തുടരുകയാണ്. എന്നാൽ യാത്രക്കാർക്കായുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശേഷിക്കുന്ന അനുമതികളും പ്രവർത്തനസജ്ജീകരണങ്ങളും പൂർത്തിയാകുന്നതോടെയായിരിക്കും സർവീസ് ആരംഭിക്കുക.

Content Highlights: Dubai has approved a new vertiport near Dubai Marina, enabling future air taxi journeys to Dubai International Airport (DXB) in approximately 10 minutes.

dot image
To advertise here,contact us
dot image