പ്രതിഷേധത്തിനിടെ ശിവസേന നേതാവിന് അമളി പറ്റി; സോണിയയുടെ പുസ്തകത്തിനുപകരം കീറിയത് ബാല്‍ താക്കറെയുടെ ചിത്രം

ഒപ്പമുണ്ടായിരുന്ന സഞ്ജയ് നിരുപം ഇത് ചൂണ്ടിക്കാട്ടിയതോടെ കീറിയ ചിത്രം ഷൈന വേഗത്തില്‍ മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം

പ്രതിഷേധത്തിനിടെ ശിവസേന നേതാവിന് അമളി പറ്റി; സോണിയയുടെ പുസ്തകത്തിനുപകരം കീറിയത് ബാല്‍ താക്കറെയുടെ ചിത്രം
dot image

മുംബൈ: സോണിയ ഗാന്ധിയുടെ 'ബിലോംഗിങ്, എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം മാറിക്കീറി. ഏക്നാഥ് ഷിന്‍ഡെ വിഭാഗം നേതാവ് ഷൈന എന്‍ സിക്ക് ആണ് അബദ്ധം പറ്റിയത്. ഇതോടെ സംഭവം വിവാദമായി. സേന സ്ഥാപകനെ അപമാനിച്ചുവെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോണ്‍ഗ്രസും ഷൈനയെ രൂക്ഷമായി വിമര്‍ശിച്ചു.

സവര്‍ക്കറെ അധിക്ഷേപിച്ചുവെന്നും ചരിത്രത്തെ വെള്ളപൂശാന്‍ ശ്രമിച്ചെന്നും ആരോപിച്ച് സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ ബുധനാഴ്ചയാണ് പ്രതിഷേധിച്ചത്. ഷൈന എന്‍ സി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ എന്നിവരുള്‍പ്പെടെയുള്ള ശിവസേന നേതാക്കള്‍ പുസ്തകത്തില്‍ നിന്ന് പേജുകള്‍ കീറിക്കളഞ്ഞു. പ്രസാധകരായ ഹാര്‍പ്പര്‍കോളിന്‍സിനോട് 201, 443 പേജുകളിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പുസ്തകത്തിന്റെ പേജുകള്‍ കീറുന്നതിനിടെയാണ് ഷൈന എന്‍ സി ബാല്‍ താക്കറെയുടെ ഫോട്ടോ അബദ്ധത്തില്‍ കീറിക്കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ കോലം ചെരിപ്പുകൊണ്ടടടിക്കുന്ന ബാല്‍ താക്കറെയുടെ ചിത്രമാണിവര്‍ മാറി കീറിയത്.

ഒപ്പമുണ്ടായിരുന്ന സഞ്ജയ് നിരുപം ഇത് ചൂണ്ടിക്കാട്ടിയതോടെ കീറിയ ചിത്രം ഷൈന വേഗത്തില്‍ മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കീറിയത് ബാല്‍ താക്കറെയുടെ ചിത്രമല്ലെന്നും മണിശങ്കര്‍ അയ്യരുടെ ചിത്രമാണെന്നുമായിരുന്നു ഷൈനയുടെയും ശിവസേന നേതാക്കളുടെയും വിശദീകരണം.

Content Highlights: shaina nc bal thackeray photo controversy sonia gandhi book protest

dot image
To advertise here,contact us
dot image