'പയ്യന്നൂരിൽ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേർഷൻ'; കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം തടസപ്പെടുത്തിയതിൽ മനു തോമസ്

എഴുത്തുകാരന്‍ സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൈവയ്ക്കാന്‍ മടികാണിക്കാത്ത പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധന്മാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു

'പയ്യന്നൂരിൽ അരങ്ങേറിയത് മാടമ്പിത്തരത്തിന്റെ പുതിയ വേർഷൻ'; കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം തടസപ്പെടുത്തിയതിൽ മനു തോമസ്
dot image

കണ്ണൂര്‍: സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ അരങ്ങേറിയതെന്ന് മനു തോമസ് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മനു തോമസിന്റെ പ്രതികരണം. അടിക്കേണ്ടവര്‍ അടിക്കും എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂരിന്റെ ചരിത്രത്തില്‍ കുഞ്ഞികൃഷ്ണന് മാത്രമല്ല എകെജിക്കും മര്‍ദനവും അവഹേളനവും ഏറ്റിട്ടുണ്ട്. അത് മാടമ്പികളുടെ കൈയില്‍ നിന്നാണ്. മാടമ്പിത്തരത്തിന്റെ പുതിയ വേര്‍ഷനാണ് പയ്യന്നൂരില്‍ നടന്നതെന്നും എഴുത്തുകാരന്‍ സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൈവയ്ക്കാന്‍ മടികാണിക്കാത്ത പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധന്മാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സിപിഐഎം നേതാവോ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ സമാനമായ അനുഭവമുണ്ടായാല്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ കണ്ടോത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായാണ് ആരോപണം. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇടപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദേശം നല്‍കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സഹകരണ അടിവരാഘോഷം

പിണറായി വിജയനോ ഗോവിന്ദന്‍ മാഷോ
മറ്റേതെങ്കിലും സി. പി.ഐ എം നേതാവോ പൊതുവേദിയില്‍ തനിക്കുണ്ടായ ഒരു നീതിനിഷേധത്തെ തുറന്നു കാട്ടുമ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ ഇതുപോലെ പ്രസംഗം തടസപ്പെടുത്തുകയും ഇവരുടെയൊക്കെ പേഴ്സണല്‍ സ്റ്റാഫിനെ പൊതുസഭയില്‍ മര്‍ദ്ധിക്കുകയും ചെയ്യ്താല്‍ സംഭവിക്കാവുന്നത് എന്തായിരിക്കും. . .
എന്ന് ഇത് ചെയ്തവര്‍ ഒന്ന് ആലോചിക്കുക
പയ്യന്നൂരിന്റെ ചരിത്രത്തില്‍ കുഞ്ഞികൃഷ്ണന് മാത്രമല്ല സ:
എ.കെ.ജിക്കും മര്‍ദ്ധനമേറ്റിട്ടുണ്ട് അവഹേളനമേറ്റിട്ടുണ്ട് മാടമ്പികളുടെ കൈയില്‍ നിന്ന് . .
മാടമ്പിതരത്തിന്റെ പുതിയ വേര്‍ഷനാണ്
പയ്യന്നൂരില്‍ അരങ്ങേറിയത് , കുറച്ച് വര്‍ഷങ്ങള്‍ മുമ്പ്
പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൈവെക്കാന്‍ മടികാണിക്കാത്ത
പ്രത്യേകതരം ഫാസിസ്റ്റ് വിരുദ്ധരാണ് ഇവര്‍
അടിക്കേണ്ടവര്‍ അടിക്കുക പറയണ്ടവര്‍
പറഞ്ഞുകൊണ്ടേയിരിക്കും
ഏത് ജയിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട് ഇനിയും അതു തന്നെ സംഭവിക്കും
നീതിനിഷേധത്തിനെതിരായ അഭിപ്രായങ്ങളെ നിശബ്ദമാക്കുന്നതിനെതിരായ കാലടിസര്‍വ്വകലാശാല സമരവും ഡല്‍ഹിയിലെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടവും തുടരട്ടെ…!

തെറ്റുതിരുത്തല്‍

CPIM

Content Highlights: Manu Thomas criticised the incident at payyannur as a new form of hooliganism

dot image
To advertise here,contact us
dot image