രാഹുൽ, ജെസ്‌ന ഇപ്പോൾ ശിവസൂര്യയും; ഇനിയും തെളിയാത്ത കേരളത്തിലെ തിരോധാനക്കേസുകൾ

കണ്ണൂർ ചൊക്ലി സ്വദേശി ശിവസൂര്യയെ കാണാതായിട്ട് നൂറ് ദിവസം പിന്നിടുകയാണ്

രാഹുൽ, ജെസ്‌ന ഇപ്പോൾ ശിവസൂര്യയും; ഇനിയും തെളിയാത്ത കേരളത്തിലെ തിരോധാനക്കേസുകൾ
dot image

കണ്ണൂർ: കണ്ണൂർ ചൊക്ലി സ്വദേശി ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 100 ദിവസമായി. ഓഗസ്റ്റ് എട്ടിനായിരുന്നു കരിയാട് പുളിയമ്പ്രം ശിവപ്രിയത്തില്‍ ശിവസൂര്യ എന്ന 17 കാരന്‍ വീട് വിട്ട് പോകുന്നത്. ലോക്കല്‍ പൊലീസ് മുതല്‍ ക്രൈംബ്രാഞ്ച് വരെ അന്വേഷിച്ചിട്ടും ശിവസൂര്യയെ കുറിച്ചൊരറിവുമില്ല. ഡിവൈഎസ്പി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. 'ഞാന്‍ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിലലിയും' എന്നാണ് നാടുവിട്ട് പോകുന്നതിനD മുന്‍പ് ശിവസൂര്യ എഴുതിവച്ചിരുന്നത്. ഈയൊരു കത്ത് മാത്രമാണ് പൊലീസിന്റെ കയ്യിലുള്ളത്. നിരവധി അന്വേഷണ സംഘങ്ങള്‍ മാറി മാറി വന്നെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ശിവസൂര്യയ്ക്ക് എന്താണ് സംഭവിച്ചതെന്നുള്ള കാര്യത്തിൽ ആർക്കും ഒരു വ്യക്തതയുമില്ല. ചൊക്ലി പൊലീസും തലശ്ശേരി എഎസ്പി ഡോ.നന്ദഗോപന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘവും അന്വേഷണത്തിൽ പരാജയപ്പെട്ടതോടെ പാനൂര്‍ നഗരസഭയും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കുന്നത്.

Also Read:

മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കുടുംബത്തിന് ആശങ്കയുണ്ടെന്നും പിതാവ് അറിയിച്ചു. കുട്ടിയിവിടെയുണ്ടെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയില്‍ നിന്ന് ശിവസൂര്യയുടെ അച്ഛന് കോള്‍ വന്നിരുന്നു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മംഗളൂരുവില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസ്സിലായിട്ടും തുടരന്വേഷണങ്ങള്‍ നടന്നിരുന്നില്ല. കഴിഞ്ഞാഴ്ച ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇറക്കിയിരുന്നു. കാണാതായ സമയത്തുള്ള പൊലീസ് അനാസ്ഥയാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയതെന്നാണ് നാട്ടുക്കാര്‍ ആരോപിക്കുന്നത്.

ശിവസൂര്യയെ കണ്ടെത്താനുള്ള അന്വേഷണം വാരണാസിയില്‍ വരെയെത്തിയിരുന്നു. അവിടെയുള്ള മലയാളി സംഘടനകളെ ബന്ധപ്പെടുത്തിയും അന്വേഷണം നടന്നിരുന്നു.എന്നാല്‍ കാര്യമായ പുരോഗമനങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. ശിവസൂര്യയുടെ തിരോധാനത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് എസ്പി വേണുഗോപാല്‍ പറയുന്നത്. മൊബൈയില്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് കുട്ടി നാടുവിടുന്നത്. ഗെയിം കളിച്ച് കുട്ടിക്ക് ചെറിയ തുകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.കുട്ടി ഇറങ്ങി പോയ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണുള്ളത്. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നാലെ ആലപ്പുഴയിലെ രാഹുൽ തിരോധാനക്കേസും പത്തനംതിട്ട സ്വദേശിനി ജെസ്നയുടെ തിരോധാനവും വീണ്ടും ചർച്ചയായിട്ടുണ്ട്.

missing cases:rahul and jesna
കാണാതായ രാഹുൽ,ജെസ്ന എന്നിവർ

രാഹുലും ജെസ്നയും

2016 മുതല്‍ 2026 വരെയുള്ള കണക്കുകള്‍ പ്രകാരം 1,17,733 പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍ 2891 പേര്‍ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. 2005 മെയ് 18ന് ആണ് ആലപ്പുഴയില്‍ വീടിനടുത്തുള്ള മൈതാനത്തുനിന്ന് ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ രാഹുലിനെ കാണാതാകുന്നത്. ഏഴ് വയസ്സില്‍ കാണാതായ രാഹുലിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മകനെ കാണാതായത്തിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന രാഹുലിന്റെ അച്ഛനെ ശാരീരിക അസ്വസ്ഥതകൾ പിടികൂടിയിരുന്നു. മകന്‍ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷ ബാക്കിവച്ചാണ് രാഹുലിന്റെ പിതാവ് മടങ്ങിയത്. 19 മാസം അന്വേഷണം നടത്തിയ പൊലീസിന് കേസന്വേഷണം എവിടെയും എത്താതെ നിരാശയായിരുന്നു ഫലം.

2018 മാര്‍ച്ചിലാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. വെച്ചൂച്ചിറ പൊലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. എന്നാൽ ഇത് എങ്ങുമെത്തിയിരുന്നില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിലേക്കും അവിടെ നിന്ന് സിബിഐയിലേക്കും എത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തിന് ഫലം കാണുകയോ എങ്ങും എത്തുകയോ ചെയ്തിരുന്നില്ല.

Content Highlights: Shiv Surya's disappearance has drawn attention to the growing list of unresolved missing person cases. His whereabouts remain unknown, adding another name to the cases of people whose disappearances have yet to be explained.

dot image
To advertise here,contact us
dot image