

ബെംഗളൂരു: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ അന്വേഷണം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞെന്ന് കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന വീരപ്പ മൊയ്‌ലി.
ബെംഗളൂരുവിലെ കെപിസിസി ഓഫീസില്‍ സോണിയ ഗാന്ധിയുടെ ' ബിലോണിംഗ് - എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആദ്യം ജയിലില്‍ പോയത് ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു. അദ്ദേഹത്തിന്റെ കേസ് ഗുജറാത്തിന് പുറത്താണ് വിചാരണ ചെയ്തത്. സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010 ല്‍ സിബിഐ ഷായെ അറസ്റ്റ് ചെയ്തു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2014 ഡിസംബറില്‍ മുംബൈയിലെ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി', വീരപ്പ മൊയ്‌ലി പറഞ്ഞു.
'അടുത്തത് മോദിയുടെ ഊഴമായിരുന്നു. അദ്ദേഹത്തെയും നാടുകടത്തുമായിരുന്നു. പക്ഷേ നമ്മുടെ സ്വന്തം യുപിഎ സര്‍ക്കാര്‍ അന്വേഷണം നിര്‍ത്തിവെച്ചു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങല്ല, മറിച്ച് മറ്റ് ചില നേതാക്കളായിരുന്നു പിന്നില്‍. ഇപ്പോള്‍ മോദിയുടെ കീഴില്‍ നമ്മള്‍ അത് അനുഭവിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,' മൊയ്‌ലി പറഞ്ഞു.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം, 2002-ലെ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2010-ല്‍ പ്രത്യേക അന്വേഷണ സംഘം മോദിയെ ചോദ്യം ചെയ്തിരുന്നു. 2012-ല്‍ എസ്‌ഐടി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി.
കോൺഗ്രസ് ഭാവിയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാൻ സോണിയ ഗാന്ധി തന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. രാഹുൽ ഗാന്ധി, ദിഗ്‌വിജയ സിംഗ്, ഗുലാം നബി ആസാദ് എന്നിവർ അതിലെ അംഗങ്ങളായിരുന്നു. ആദ്യ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ, "ചില പാർട്ടി നേതാക്കൾ ഇതിനെ എതിർക്കുന്നു" എന്ന് സോണിയ ഗാന്ധി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കാത്ത, നിലവിലുള്ള സ്ഥിതി നിലനിർത്താൻ ആഗ്രഹിക്കുന്ന നേതാക്കൾ ഉണ്ടായിരുന്നു. സോണിയ ഗാന്ധി ആഗ്രഹിച്ചതുപോലെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ മോദി അധികാരത്തിൽ വരുമായിരുന്നില്ല', വീരപ്പ മൊയ്‌ലി കൂട്ടിച്ചേർത്തു.
Content Highlights: gujarat case narendra modi investigation veerappa moily congress leaders statement