

ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിനെ തൽപരകക്ഷികളുടെ പേരിലാക്കി സ്വകാര്യവത്ക്കരിക്കാനുള്ള നിലവിലെ ഭരണസമിതിയുടെ രഹസ്യ നീക്കങ്ങൾ അനുവദിക്കില്ലെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ (യുപിപി) ഭാരവാഹികൾ. ഡിസംബർ ആദ്യവാരം പുതിയ ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണസമിതിയുടെ തീരുമാനം ഗുരുതരമായ ജനാധിപത്യ ലംഘനവും നടപടിക്രമങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുപിപി ആരോപിച്ചു. പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിആർ (CR) എടുക്കുന്നതിന് മാത്രമാണ് രക്ഷിതാക്കൾ ഏകകണ്ഠമായി അംഗീകാരം നൽകിയത്.
ഭരണഘടനാ ഭേദഗതിക്കെതിരെ രക്ഷിതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ചർച്ച പൂർത്തിയാക്കാനോ വോട്ടെടുപ്പ് നടത്താനോ കഴിയാതെ ചെയർമാൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ, യോഗം തീരുമാനമാകാതെ പിരിഞ്ഞിട്ടും രണ്ട് ദിവസത്തിന് ശേഷം ഭരണഘടനാ ഭേദഗതി അംഗീകരിച്ചതായി കാണിച്ച് ഭരണസമിതി സർക്കുലർ ഇറക്കിയത് തികച്ചും തെറ്റായ നടപടിയാണെന്നും ഭേദഗതി അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മിനിറ്റ്സും വോട്ടെടുപ്പ് രേഖകളും രക്ഷിതാക്കൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാകണമെന്നും യുപിപി ആവശ്യപ്പെട്ടു.
കഴിഞ്ഞ 12 വർഷത്തെ ഭരണനേട്ടങ്ങൾ എന്ന പേരിൽ ഇല്ലാത്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണസമിതി രക്ഷിതാക്കളെ കബളിപ്പിക്കുകയാണെന്ന് യുപിപി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർബന്ധിത നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ബസ് ട്രാക്കിംഗ് സംവിധാനവും മറ്റു സ്കൂളുകൾ വർഷങ്ങൾക്ക് മുൻപ് സൗജന്യമായി നടപ്പിലാക്കിയ സ്മാർട്ട് ക്ലാസ് റൂമുകളും വലിയ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നത് പരിഹാസ്യമാണ്. അധ്യാപകർക്ക് കൃത്യമായ പരിശീലനമോ ഡിജിറ്റൽ പഠനസാമഗ്രികളോ നൽകാതെ ക്ലാസ് മുറികളിൽ വെറും ടെലിവിഷൻ മോണിറ്ററുകൾ സ്ഥാപിച്ച്, അതിന്റെ പേരിൽ 12,000 കുട്ടികളിൽ നിന്ന് പ്രതിമാസം ഒരു ദിനാർ വീതം അധികമായി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. റിഫാ ക്യാമ്പസിന്റെ വായ്പ അടച്ചുതീർന്നിട്ടും ഇൻഫ്രാസ്ട്രക്ചർ ഫീ ഇനത്തിൽ പ്രതിമാസം 50,000ത്തോളം ദിനാർ അധിക വരുമാനമുണ്ടായിട്ടും അധ്യാപകർക്കും ജീവനക്കാർക്കും കൃത്യസമയത്ത് ശമ്പളം നൽകാൻ പോലും ഭരണസമിതിക്ക് കഴിയുന്നില്ല. ഇസ ടൗൺ ക്യാമ്പസിൽ വൃത്തിയുള്ള ശുചിമുറികൾ പോലും ഒരുക്കാൻ കഴിയാത്തവരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നതെന്നും യുപിപി പരിഹസിച്ചു.
സ്കൂളിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം രക്ഷിതാക്കൾ ഫീസടക്കാത്തതല്ല, മറിച്ച് ഭരണസമിതിയുടെ സുതാര്യമല്ലാത്ത പാഴ്ചെലവുകളും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണെന്ന് യുപിപി ആരോപിച്ചു. വോട്ട് ലക്ഷ്യമിട്ട് ചില പ്രത്യേക വിഭാഗം രക്ഷിതാക്കളുടെ ഫീസ് കുടിശ്ശിക എഴുതിത്തള്ളുന്ന മോശം പ്രവണതയാണ് വൻതോതിലുള്ള കുടിശ്ശികയ്ക്ക് കാരണമാകുന്നത്. കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെങ്കിലും ആത്മാർത്ഥമായി ജോലി ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അധികാരത്തിൽ എത്തിയാൽ അനാവശ്യ ഫീസ് പിരിവുകൾ അവസാനിപ്പിച്ച് സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും യുപിപി ഭാരവാഹികൾ ഉറപ്പുനൽകി. മുൻ മേധാവി ഉൾപ്പെടെയുള്ള ചെറുസംഘം പിൻസീറ്റിലിരുന്ന് നടത്തുന്ന അധികാരക്കൊതി അവസാനിപ്പിക്കാൻ രക്ഷിതാക്കൾ മുന്നോട്ടുവരണമെന്നും യുപിപി അഭ്യർത്ഥിച്ചു.
Content Highlights: United Parent Panel (UPP) criticises the Bahrain Indian School management committee, opposing any move towards privatisation of the school.