

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എം പി. കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ലെന്നും അദ്ദേഹം പോലും അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചു. മന്ത്രി സണ്ണി ജോസഫിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് തനിക്ക് അറിയാം. കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ടെന്നും രാജ് മോഹന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'കേരളത്തില്‍ നടക്കുന്ന ഒരു കാര്യത്തിലും കെ സി വേണുഗോപാലില്‍ ഇടപെടുന്നില്ല. കൂടെ നില്‍ക്കുന്നവരാണ് കെ സി വേണുഗോപാലിനെ വഷളാക്കുന്നത്. കേരളത്തില്‍ ഇനിയും കുറേ സ്ഥാനങ്ങള്‍ മോഹിക്കുന്നവരുണ്ട്. കൂടെ നിന്ന് കെ സി വേണുഗോപാല്‍ അറിയാതെ പലരും പ്രസ്താവനകള്‍ നടത്തുന്നു. പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം. ഇവരുടെ പ്രസ്താവനകള്‍ കാരണം വഷളാകുന്നത് കെ സി വേണുഗോപാലാണ്', രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ ഒളിയമ്പുമായാണ് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രതികരണം. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടതെന്നും യോഗ്യതയുള്ള ഒരുപാട് പേരെ ഒഴിച്ച് നിര്‍ത്തിയാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്നും വിമര്‍ശനമുണ്ടായി. അവസരം ലഭിച്ചാല്‍ അതിനനുസരിച്ച് ഉയരാന്‍ ഓരോ മന്ത്രിമാര്‍ക്കും കഴിയണം. എല്ലാ മന്ത്രിമാരെയും ഗണ്‍ പോയിന്റില്‍ നിര്‍ത്താനുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ട്. ആറുമാസം കൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ അലാവുദീന്റെ അത്ഭുതവിളക്ക് മുഖ്യമന്ത്രിയുടെ കൈവശമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അടൂര്‍ പ്രകാശിനെതിരെയും രൂക്ഷ വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഉന്നയിച്ചത്. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍ ആണോ എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്ന് സംശയമുണ്ട്. യുഡിഎഫിനെ ആക്രമിക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ചെയ്യേണ്ട ജോലിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചു. നിര്‍ജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കള്‍ ഔഷധം നല്‍കുകയാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ആയുധം നല്‍കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചു. വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അധികാരമുണ്ട്. വിമര്‍ശിക്കാന്‍ യോഗ്യരാണോ എന്ന് ആത്മപരിശോധന നടത്താനും തയ്യാറാകണം. പാര്‍ട്ടിക്ക് പുല്ലുവില കല്‍പ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ ആളുകളുണ്ട്. ഈ ഭരണത്തിന് എതിരെ ആര് നിന്നാലും ജനങ്ങള്‍ പ്രതികരിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
Content Highlights: Kasaragod MP Rajmohan Unnithan has come forward with strong criticism against AICC General Secretary K.C. Venugopal, adding to the political discussions within the Congress.