

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വി സി പറയുമ്പോള്‍ മാപ്പെഴുതി നല്കാന് വിദ്യാര്‍ത്ഥികൾ സവര്ക്കര്മാരല്ലെന്നും അവര്‍ ഗോഡ്സെയെപ്പോലെ അക്രമകാരികളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് നിങ്ങളുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്ക്കാന് മന്ത്രി ശ്രമിക്കണം. അവര്‍ എങ്ങനെ സമരം ചെയ്തു എന്ന് ചര്‍ച്ച ചെയ്യുന്ന മന്ത്രി അവര്‍ എന്തിന് സമരം ചെയ്തു എന്ന് ചിന്തിക്കാന്‍ തയ്യാറാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.
തന്നെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന വൈസ് ചാന്‍സലറുടെ ആരോപണം വെറും നാടകമാണ്. കുട്ടികള്‍ നാടക വിദ്യാര്‍ത്ഥികളാണ് അവര്‍ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ തലമുറ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഗാന്ധിയെ പോലെ സമാധാനപരമായി സമരം ചെയ്യുന്നവരാണ്. ഇവിടെ ഉള്ളത് മനുസ്മൃതി അല്ല, ഭരണഘടനയാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇവിടെ വന്ന് കുട്ടികളെ കേള്‍ക്കുകയും പ്രശ്നം പരിഹരിക്കുകയും വേണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇവിടത്തെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിനെ പോലെ പെരുമാറുന്നത്?. എന്ത് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പോലെ പെരുമാറുന്നത്?. ഈ വിഷയം ഉടനെ പരിഹരിക്കണം. സമരം നീണ്ട് പോവുകയാണെങ്കില്‍ താന്‍ ഇവിടെ വന്ന് കുട്ടികള്‍ക്കൊപ്പം നിരാഹാരം ഇരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കലാകാരന്മാര് തങ്ങളുടെ കലയിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. കലയെയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെയും മനസ്സിലാക്കാനുള്ള തലച്ചോറോ സംവേദന ക്ഷമതയോ വിസിക്കില്ല. ബ്രിട്ടീഷുകാര്‍ക്ക് 'മാപ്പപേക്ഷകള്‍' എഴുതിക്കൊടുത്തവരാണ് രാജ്യത്തെ ഭരണാധികാരികള്‍. ഭഗത് സിംഗ്, ഗാന്ധിജി, അംബേദ്കര്‍ എന്നിവരുടെ പാരമ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പ് പറയില്ലെന്നും പ്രകാശ് രാജ് സമരവേദിയില്‍ പറഞ്ഞു.
Content Highlights: Actor and activist Prakash Raj visited students staging a hunger strike at Kalady Sanskrit University. He said the students were not Savarkars who would apologise simply because the Vice Chancellor asked them to, and described them as different from violent figures like Godse. He urged the Education Minister to maintain the dignity of the office and stand with students across the country. Prakash Raj also said the minister should focus on why the students were protesting rather than discussing how they conducted their agitation.