

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള മുഹമ്മദ് ഷമിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിന് ആദരമര്‍പ്പിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറും ഇന്ത്യന്‍ ബൗളിങ് കോച്ചുമായ മോര്‍ണി മോര്‍ക്കല്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ചേര്‍ന്ന സമയത്ത് ഡ്രസ്സിങ് റൂമിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഷമി തന്നെ എത്രത്തോളം സഹായിച്ചുവെന്ന് മോര്‍ക്കല്‍ ഓര്‍ത്തെടുത്തു.
2024-ല്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായ മോര്‍ക്കല്‍, ടീമിന്റെ സംസ്കാരം മനസ്സിലാക്കുന്നതിനും ഭാഷാപരമായ തടസ്സങ്ങള്‍ മറികടക്കുന്നതിനും ഷമി തന്നെ സഹായിച്ചതായി വ്യക്തമാക്കി. ടെസ്റ്റ് ടീമില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും, ഷമി ഇന്ത്യയ്ക്കായി അവസാനമായി കളിച്ച 2025-ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുവരും കുറച്ചുകാലം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
'ഞാന്‍ ആദ്യമായി ഈ ഗ്രൂപ്പിനൊപ്പം ചേര്‍ന്നപ്പോള്‍ ഷമി ടീമിന്റെ ഭാഗമായിരുന്നത് എന്റെ വലിയ ഭാഗ്യമായിരുന്നു. ഞാന്‍ ടീമിലെത്തിയ സമയത്ത് ഡ്രസ്സിംഗ് റൂമിലെ ഇന്ത്യന്‍ ഭാഷാ ശൈലികള്‍ മനസ്സിലാക്കിത്തരാന്‍ അദ്ദേഹം ഉണ്ടായതില്‍ ഞാന്‍ ഏറെ ഭാഗ്യവാനാണ്. അദ്ദേഹം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അദ്ദേഹം വിടപറയുന്നത് കാണുമ്പോള്‍ വലിയ വിഷമമുണ്ട്' -മോര്‍ക്കല്‍ പറഞ്ഞു. എല്ലാവിധ സാഹചര്യങ്ങളിലും വലിയ വേദികളിലും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയ കരിയറിനാണ് ഷമി ഇതോടെ വിരാമമിട്ടത്.
തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് 36-കാരനായ ഷമി ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുതിയ പന്തിലും പഴയ പന്തിലും ഒരുപോലെ സീം മൂവ്മെന്റും സ്വിംഗും കണ്ടെത്താനുള്ള കഴിവിന് പേരെടുത്ത ഷമി, 64 ടെസ്റ്റുകളില്‍ നിന്ന് ആറ് അഞ്ച്-വിക്കറ്റ് നേട്ടങ്ങള്‍ അടക്കം 229 വിക്കറ്റുകളോടെയാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. 2013-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ പ്രധാന കരുത്തായി ഷമി മാറി. വിദേശ മണ്ണിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ താരം നടത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വിദേശത്ത് കളിച്ച 41 ടെസ്റ്റുകളില്‍ നിന്ന് 30.33 ശരാശരിയില്‍ 145 വിക്കറ്റുകള്‍ ഷമി നേടി.
2023-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു ഷമിയുടെ അവസാന ടെസ്റ്റ് മത്സരം. കരിയറിന്റെ പല ഘട്ടങ്ങളിലും പരിക്കുകള്‍ തിരിച്ചടിയായെങ്കിലും, എല്ലാ ഫോര്‍മാറ്റുകളിലും ബോള്‍ കൊണ്ട് ഇന്ത്യയുടെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു.
content highlights: 'Helped Me Blend with the Team': Morne Morkel Pays Rich Tribute to Retiring Mohammed Shami