രജിസ്ട്രാര്‍ സ്ഥാനവും ലീഗിന് വേണമെന്ന് ലീഗ്; കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ് - കോണ്‍ഗ്രസ് പിടിവലി

പ്രോ വി സി ലീഗിന് നല്‍കിയ സാഹചര്യത്തില്‍ രജിസ്ട്രാര്‍ സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം

രജിസ്ട്രാര്‍ സ്ഥാനവും ലീഗിന് വേണമെന്ന് ലീഗ്; കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ് - കോണ്‍ഗ്രസ് പിടിവലി
dot image

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വി സി നിയമനത്തിലെ അനിശ്ചിതാവസ്ഥക്ക് കാരണം ലീഗ് - കോണ്‍ഗ്രസ് തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ സ്ഥാനം ലീഗിന് ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. പ്രോ വി സി ലീഗിന് നല്‍കിയ സാഹചര്യത്തില്‍ രജിസ്ട്രാര്‍ സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വി സി നിയമനം എല്‍ഡിഎഫ് ഭരണത്തില്‍ നടന്നതിനാല്‍ ലീഗിന് നാമനിര്‍ദേശം ചെയ്യാനായില്ല. വിസി, രജിസ്ട്രാര്‍ പദവികള്‍ യുഡിഎഫ് ഭരണത്തില്‍ ലീഗിന് നല്‍കിയിരുന്നു. പ്രൊ വി സി കോണ്‍ഗ്രസിന് നല്‍കുന്നതാണ് പതിവ്. ഇതിൽ നിന്നും വിഭിന്നമായാണ് ഇത്തവണ നിയമനം നടന്നത്.

താല്‍ക്കാലിക വി സിയായിരുന്ന ഗവര്‍ണര്‍ നോമിനിയായ പി രവീന്ദ്രന്‍ ഇപ്പോള്‍ സ്ഥിരം വി സിയായി. ഗവര്‍ണര്‍ നോമിനി ആണെങ്കിലും രവീന്ദ്രന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവാണ്. പിന്നാലെ ലീഗ് നോമിനിയായ റഷീദ് അഹമ്മദിനെ പ്രോ വി സിയായി നിയമിക്കുകയായിരുന്നു. കോണ്‍ഗ്രസ് നോമിനിയായ ഡോ. സെബാസ്റ്റിനാണ് നിലവില്‍ രജിസ്ട്രാര്‍ പദവിയിലുള്ളത്. പ്രോ വിസി നിയമനത്തിലെ ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉന്നത വിദ്യാഭ്യാസ നകുപ്പ് നിയമനാധികാരിയായ വി സിക്ക് കത്ത് നല്‍കിയത്. എന്നാല്‍ നിയമനത്തില്‍ നിയമ പ്രശ്‌നമില്ലെന്നാണ് വി സി പി രവീന്ദ്രന്‍ നല്‍കിയിരിക്കുന്ന മറുപടി. ഡെപ്യൂട്ടേഷന്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമാണെന്നും അനുമതിയില്ലെങ്കില്‍ റഷീദ് അഹമ്മദ് കോളേജില്‍ നിന്ന് താല്‍കാലിക വിടുതല്‍ വാങ്ങുമെന്നുമാണ് മറുപടി. നിയമനത്തിന് മുന്‍കൂറായി സര്‍ക്കാര്‍ അനുമതി വേണ്ടെന്നും വി സി മറുപടിയില്‍ പറയുന്നു.

സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചതിനായിരുന്നു വി സിയോട് വിശദീകരണം ചോദിച്ചിരുന്നത്. എയ്ഡഡ് കോളേജ് അധ്യാപകനായ റഷീദ് അഹമ്മദിന് ഡെപ്യൂട്ടേഷന്‍ നല്‍കിയത് മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് എയ്ഡഡ് കോളേജായ കരുവാരക്കുണ്ട് കെടിഎം കോളേജിലെ പ്രൊഫസറായ ഡോ പി റഷീദ് അഹമ്മദിനെ മാതൃസ്ഥാപനത്തില്‍ നിന്ന് വിടുതല്‍ ചെയ്ത് പ്രോ-വൈസ് ചാന്‍സലറായി ചുമലയേല്‍ക്കാന്‍ അനുവദിച്ചതെന്നാണ് കത്തിലുണ്ടായിരുന്നത്. നിയമനത്തിന് അനുമതി നല്‍കേണ്ട സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഈ നടപടി സ്വീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നായിരുന്നു കത്തില്‍ ആവശ്യം. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരുടെ അധികാരത്തിലാണ് റിലീവിങ്, ജോയിനിങ് ഉത്തരവുകള്‍ പുറത്തിറിക്കിയതെന്നും വിശദീകരിക്കാനും സര്‍ക്കാരിന്റെ അണ്ടര്‍ സെക്രട്ടറി എസ് സി ഷിബു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: The delay in appointing the Pro Vice Chancellor at Calicut University is reportedly linked to a dispute between the Muslim League and Congress over the registrar's post. Congress is seeking the registrar position after the Pro VC post was reportedly allocated to the League. The report says the usual practice has been to give the Pro VC post to Congress, but the latest appointment arrangement has departed from that pattern. The dispute also involves earlier appointments made during the LDF and UDF governments.

dot image
To advertise here,contact us
dot image