'ജില്ലാ കമ്മിറ്റി നേരിട്ട് ഫണ്ട് പിരിച്ചു, ഒന്നും ക്യാമ്പസുകളിൽ എത്തിയില്ല'; കാസർകോട് KSUവിൽ ഫണ്ട് വിവാദം

കടം വാങ്ങി പ്രചാരണം നടത്തേണ്ട ഗതികേട് വന്നിട്ടും പിരിച്ച ഫണ്ട് നേതൃത്വം നല്‍കിയില്ലെന്ന ഗുരുതര ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്

'ജില്ലാ കമ്മിറ്റി നേരിട്ട് ഫണ്ട് പിരിച്ചു, ഒന്നും ക്യാമ്പസുകളിൽ എത്തിയില്ല'; കാസർകോട് KSUവിൽ ഫണ്ട് വിവാദം
dot image

കാസര്‍കോട്: കാസര്‍കോട് കെഎസ്‌യുവിനെ വെട്ടിലാക്കി ഫണ്ട് വിവാദം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. 'KSU കാസര്‍കോട് കൂട്ടായ്മ' എന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചര്‍ച്ച. വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികളാണ് ആരോപണം ഉന്നയിച്ചത്. ജില്ലാ ഭാരവാഹികള്‍ പ്രാദേശികമായി പിരിച്ച ഫണ്ടിന്റെ കണക്ക് വ്യക്തമാക്കണം എന്നാണ് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. നേതാക്കള്‍ പ്രതികരിക്കണമെന്നും ജില്ലാ പ്രസിഡന്റ് മൗനം വെടിയണം എന്നുമടക്കം ഗ്രൂപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രാദേശികമായി ബാങ്കുകളില്‍ നിന്ന് ഉള്‍പ്പെടെ ഫണ്ട് പിരിച്ചു. പലയിടത്തും കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളും പണം നല്‍കി. പിരിച്ച ഫണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായി നല്‍കിയില്ല എന്നാണ് ആരോപണം. കടം വാങ്ങി പ്രചാരണം നടത്തേണ്ട ഗതികേട് വന്നിട്ടും പിരിച്ച ഫണ്ട് നേതൃത്വം നല്‍കിയില്ലെന്നും ഗുരുതര ആരോപണമുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നല്‍കിയ 10,000 രൂപ കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി. എന്നാല്‍ 25,000 ജില്ലാ കമ്മിറ്റി അംഗം നല്‍കിയിരുന്നതായി വ്യാജ പ്രചാരണം നടന്നു. തെരഞ്ഞെടുപ്പ് കാരണമായി കാട്ടി നേതൃത്വം പിരിച്ച പണം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് ക്യാമ്പസ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. പല പരിപാടികളുടേയും ഭാഗമായി യൂണിറ്റ് ഭാരവാഹികള്‍ക്ക് സാമ്പത്തിക ബാധ്യ ഉണ്ടായിട്ടും നേതൃത്വം കൈമലര്‍ത്തി. ആരും തീരിഞ്ഞുപോലും നോക്കിയില്ലെന്നും പ്രവര്‍ത്തകര്‍ തുറന്നടിച്ചു.

എല്ലാ വര്‍ഷവും പണം ലഭിക്കുമായിരുന്ന സഹകരണ ബാങ്കുകളില്‍ തിരക്കിയപ്പോള്‍ ജില്ലാ പ്രസിഡന്റ് നേരിട്ട് പണം കൈപ്പറ്റി എന്നാണ് പറഞ്ഞത്. എന്നാല്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് തുക നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ജില്ലാ പ്രസിഡന്റ് അതിന് തയ്യാറായില്ല. കോളേജ് യൂണിറ്റുകള്‍ കടുത്ത ബാധ്യതയിലാണെന്നും ഗുരുതര ആരോപണമുണ്ട്. യൂണിയന്‍ പിടിച്ചെടുത്ത കോളേജുകളില്‍ പോലും ഈ സമീപനമാണ് ജില്ലാ ഭാരവാഹികളില്‍ നിന്നുണ്ടായതെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരം മറുപടി ആവശ്യപ്പെട്ടിട്ടും ജില്ലാ ഭാരവാഹികല്‍ ഒന്നും പറയാനോ ഫണ്ടിന്റെ കണക്ക് ഹാജരാക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

Content Highlights: A fund-related controversy has emerged within KSU's Kasaragod unit over money collected for college union elections. Unit office-bearers from various colleges have raised questions against the district leadership in the official 'KSU Kasaragod Koottayma' WhatsApp group. They have demanded a clear account of the funds collected locally and called on district leaders, including the district president, to respond to the allegations.

dot image
To advertise here,contact us
dot image