എൽപിഎസ്ടി സമരത്തിന് സിജെപിയുടെ പിന്തുണ; സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ആരംഭിച്ചു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന് നിയമനം ലഭിക്കുന്നത് വരെ സമര രംഗത്ത് തന്നെയുണ്ടാവുമെന്ന് സിജെപി

എൽപിഎസ്ടി സമരത്തിന് സിജെപിയുടെ പിന്തുണ; സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം ആരംഭിച്ചു
dot image

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിജെപി. കേരള ഘടകത്തിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ന് രാവിലെ എട്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് 12 മണിക്കൂര്‍ നിരാഹാര സമരം. സമരം 123-ാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് പിന്തുണയുമായി സിജെപി രംഗത്തെത്തിയത്.

സിജെപി സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍മാരാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുന്നത്. ഇതൊരു എല്‍പിഎസ്ടി വിഷയം മാത്രമല്ലെന്നും പഠിച്ച് റാങ്ക് നേടിയിട്ടും നിയമനത്തിനായി തെരുവിലിറങ്ങേണ്ട സ്ഥിതിയാണെന്നും സിജെപി കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഇതൊരു സൂചനാ സമരം മാത്രമാണ്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന് നിയമനം ലഭിക്കുന്നത് വരെ സമര രംഗത്ത് തന്നെയുണ്ടാവുമെന്നും സിജെപി കൂട്ടിച്ചേര്‍ത്തു.

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുകയെന്നത് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. അത് മാത്രമാണ് നിയമനം യാഥാര്‍ത്ഥ്യമാവുന്നതിനുള്ള ശാശ്വത പരിഹാരമെന്ന് സമരസമിതി നേതാവ് വളര്‍മതി പ്രതികരിച്ചു. അനുപാതം കുറയ്ക്കില്ലെന്ന് പറയുന്നത് ധാര്‍ഷ്ട്യമാണ്. പ്രശ്‌നം പരിഹരിക്കാന്‍ മനസില്ലയെന്ന് തന്നെയാണ് കാണിക്കുന്നത്. അത് തങ്ങള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നത് വരെ ഏതറ്റം വരെ പോകേണ്ടി വന്നാലും ശക്തമായി സമരം തുടരും. ന്യായമായ ആവശ്യമാണോ ഉന്നയിക്കുന്നത് എന്ന് പോലും പരിശോധിച്ചിട്ടില്ല. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ന്യായമായ ആവശ്യമാണെന്ന് തോന്നിയത് ഇപ്പോള്‍ അങ്ങനെയല്ലേ എന്നും അത് വോട്ടിന് വേണ്ടിയുള്ള വാചാലതയാണെങ്കില്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും വളര്‍മതി പ്രതികരിച്ചു.

LPST Strike
നിരാഹാര സമരത്തിനിടെ വളർമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

എല്‍പിഎസ്ടി സമരത്തിന് സിജെപി മീഡിയ കോഡിനേറ്റര്‍ വിജയ് റെഡി മല്ലങ്കിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എല്‍പിഎസ്ടി സമരം നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സമരമാണ്. എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സുതാര്യമായി റിക്രൂട്ട്‌മെന്റ് സംവിധാനം വേണം. എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിക്കുന്നുവെന്നും മല്ലങ്കി പറഞ്ഞു.

Content Highlights: CJP Kerala has launched a 12-hour hunger strike outside the Secretariat in solidarity with LPST rank holders, whose protest has entered its 123rd day, demanding appointments

dot image
To advertise here,contact us
dot image