PSC ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് ഇതുവരെ എസ്ഐടിക്ക് ലഭിച്ചത്

PSC ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ക്കും
dot image

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലും ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതിചേര്‍ക്കും. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടെന്നുള്ള നിര്‍ണായക മൊഴിയെ തുടര്‍ന്നാണ് നടപടി. സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴി എം ആര്‍ ബൈജുവിന് എതിരായിരുന്നു. ചോദ്യങ്ങള്‍ തയ്യാറാക്കുന്നവരുടെ പാനല്‍ തീരുമാനി ത് ചെയര്‍മാനാണെന്നും മൂല്യനിര്‍ണയം നടത്തുന്നവരെ തീരുമാനിച്ചതും ചെയര്‍മാനാണെന്നുമായിരുന്നു മൊഴി. നിയമോപദേശം തേടിയ ശേഷം ക്രൈംബ്രാഞ്ച് തുടര്‍ തീരുമാനമെടുക്കും.

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ 90 ലേറെ പരാതികളാണ് ഇതുവരെ എസ്ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നാണ് എസ്ഐടി കണ്ടെത്തല്‍. ഉത്തര കടലാസിന്റെ പകര്‍പ്പിനായി സമര്‍പ്പിച്ച അപേക്ഷയില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. വിശ്വാസ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളും, പൊതുസേവകന്റെ പദവി ദുര്‍വിനിയോഗം ചെയ്തെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

psc commission
പി എസ് സി കമ്മിഷൻ

എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്‌സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ചെയര്‍മാന്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍ കൂടുതല്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയേക്കുമെന്ന് വിവരമുണ്ട്. മുഴുവന്‍ പിഎസ്സി അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

പിഎസ്‌സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് നടപടി വേഗത്തിലാക്കാനുള്ള എസ്‌ഐടി നീക്കം തുടങ്ങിയത്. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഹൈക്കോടതി, പ്രതികളെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി നടപടികള്‍ തടസ്സമല്ലെന്നും നിരീക്ഷിച്ചിരുന്നു.

Content Highlights: Kerala PSC Chairman M.R. Baiju may be named as an accused in the PSC exam irregularities case following key statements alleging his direct involvement. The SIT is examining over 90 complaints as the investigation intensifies

dot image
To advertise here,contact us
dot image