

ഒമാനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും ഓൺലൈനായി ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്നവർക്ക് ഇ-കൊമേഴ്സ് ലൈസൻസ് നിർബന്ധമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കർശന നിർദേശം പുറപ്പെടുവിച്ചത്. ലൈസൻസില്ലാതെ ഓൺലൈൻ വ്യാപാരം നടത്തുന്നത് ഇ-കൊമേഴ്സ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓൺലൈൻ വ്യാപാര മേഖലയെ കൂടുതൽ സുതാര്യവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നടപടി.
വീട്ടിലിരുന്ന് ചെറിയ രീതിയിൽ ബിസിനസ് നടത്തുന്നവർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്നവർ, വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിക്കുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗം ഓൺലൈൻ വ്യാപാരികൾക്കും ഈ നിബന്ധന ബാധകമാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരും ലൈസൻസ് നേടിയിരിക്കണം. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 ഒമാൻ റിയാൽ വരെ പിഴ ഈടാക്കും.
വ്യക്തികൾക്കും കമ്പനികൾക്കും ലൈസൻസിനായി അപേക്ഷിക്കാവുന്നതാണ്. എന്നാൽ വ്യക്തിഗത അപേക്ഷകർ 18 വയസ്സ് പൂർത്തിയായ ഒമാൻ പൗരന്മാരായിരിക്കണം. ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് വ്യക്തിഗത ലൈസൻസിന് അർഹതയുണ്ടായിരിക്കില്ല. വിദേശികൾ കമ്പനി മുഖേന വ്യാപാരം നടത്തുമ്പോൾ ബന്ധപ്പെട്ട വാണിജ്യ, നിക്ഷേപ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. കമ്പനികൾ ഒമാനിലെ വാണിജ്യ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്തവയുമായിരിക്കണം.
'ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം' വഴിയാണ് ലൈസൻസിനായി അപേക്ഷിക്കേണ്ടത്. നിലവിലുള്ള വാണിജ്യ രജിസ്ട്രിയിൽ ഇ-കൊമേഴ്സ് പ്രവർത്തനം കൂടി ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം. ഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കാലാവധിയിലേക്ക് ലൈസൻസ് തിരഞ്ഞെടുക്കാവുന്നതാണ്. ഇവ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കുകയും വേണം.
ലൈസൻസ് നേടിയ ഓൺലൈൻ സ്റ്റോറുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 'മഅ്റൂഫ് ഒമാൻ' എന്ന വെബ്സൈറ്റിലൂടെ വ്യാപാരികൾക്ക് തങ്ങളുടെ സ്റ്റോറുകൾ പരിശോധിച്ചുറപ്പിക്കാം. ഇത് വഴി അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ അറിയാൻ സാധിക്കും.
Content Highlights: Oman urges social media sellers and online businesses to obtain mandatory e-commerce licences and verify their stores through the Ma’roof Oman platform.